2 ഗോളടിച്ചു ഡോർട്ട്മുണ്ടിനെ ജയിപ്പിച്ചു ഹമ്മൽസ്, ജയം കണ്ടു ലൈപ്സിഗ്

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആറു ഗോൾ ത്രില്ലറിൽ ജയം കണ്ടു ബൊറൂസിയ ഡോർട്ട്മുണ്ട്. ഫ്രയ്ബർഗിനെ രണ്ടിന് എതിരെ നാലു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ ജൂലിയൻ ബ്രാന്റിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ മാറ്റ് ഹമ്മൽസ് ഡോർട്ട്മുണ്ടിനു ഗോൾ സമ്മാനിച്ചു. തുടർച്ചയായ 16 മത്തെ സീസണിൽ ആണ് താരം ബുണ്ടസ് ലീഗയിൽ ഗോൾ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് ഹമ്മൽസ്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലൂകാസ് ഹോളർ, നിക്കോളാസ് ഹോഫ്ലർ എന്നിവരിലൂടെ ഫ്രയ്ബർഗ് മത്സരത്തിൽ മുന്നിൽ എത്തി. വിൻസെൻസോ ഗ്രിഫോ ആണ് ഇരു ഗോളുകൾക്കും അവസരം ഉണ്ടാക്കിയത്.

ലൈപ്സിഗ്

60 മത്തെ മിനിറ്റിൽ എന്നാൽ ഡോണിയൽ മാലനിലൂടെ ഡോർട്ട്മുണ്ട് സമനില പിടിച്ചു. 82 മത്തെ മിനിറ്റിൽ നിക്കോളാസ് ഹോഫ്ലർക്ക് വാർ പരിശോധനക്ക് ശേഷം ചുവപ്പ്‌ കാർഡ് ലഭിച്ചതോടെ ഫ്രയ്ബർഗ് 10 പേരായി ചുരുങ്ങി. 88 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ നേടിയ ഹമ്മൽസ് ഡോർട്ട്മുണ്ടിനു മുന്നേറ്റം സമ്മാനിച്ചു. 92 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർകോ റൂയിസിന്റെ ഗോളോടെ ഡോർട്ട്മുണ്ട് ജയം പൂർത്തിയാക്കി. അതേസമയം ഓഗ്സ്ബർഗിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് ആർ.ബി ലൈപ്സിഗ് തകർത്തു. ഗോൾ അടിച്ചും കളം വാണ സാവി സിമൻസ്, ലോയിസ് ഒപെണ്ട എന്നിവർ ആണ് അവർക്ക് മികച്ച ജയം സമ്മാനിച്ചത്. ഡേവിഡ് റൗം ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ലീഗിൽ നിലവിൽ ലൈപ്സിഗ് മൂന്നാമതും ഡോർട്ട്മുണ്ട് ഏഴാമതും ആണ്.