ബുണ്ടസ് ലീഗയിൽ അനായാസ ജയവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ട് എഫ്സി കൊലോനിനെ പരാജയപ്പെടുത്തിയത്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി തോർഗൻ ഹസാർഡും സ്റ്റീഫെൻ ടിഗ്സുമാണ് ഗോളടിച്ചത്. ജർമ്മൻ കപ്പിൽ ഇരട്ട ഗോളുകൾ അടിച്ച ഹസാർഡ് ഇന്നും ബൊറുസിയ ഡോർട്ട്മുണ്ടിനായി ഗോളടിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ജൂഡ് ബെല്ലിംഗ്ഹാമിന്റെ ക്രോസ് കൊലോനിന്റെ വലയിലെത്തിച്ചാണ് ഹസാർഡ് ഡോർട്ട്മുണ്ടിനായി ആദ്യ ഗോൾ നേടിയത്.
സ്റ്റെഫാൻ ടിഗ്സിന്റെ രണ്ടാം പകുതിയിലെ ഗോളിന് വഴിയൊരുക്കിയത് ജൂലിയൻ ബ്രാൻഡാണ്. ടിഗ്സിന്റെ ആദ്യ ബുണ്ടസ് ലീഗ ഗോളായിരുന്നു ഇന്നതേത്. മാർക് ഉതിനും അന്റണി മോഡെസ്റ്റെക്കും ഒട്ടനവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ കൊബെലിനെ കടന്ന് ബൊറുസിയ ഡോർട്ട്മുണ്ട് വലയിൽ ഉത് പന്തെച്ചിങ്കിലും ഹാന്റ് ബോളായിരുന്നു. 5ഷോട്ട് ഓൺ ടാർഗറ്റ് മോഡെസ്റ്റ്ക്ക് ഇന്നത്തെ മത്സരത്തിലുണ്ടായിരുന്നു. ബൊറുസിയ ഡോർട്ട്മുണ്ട് ടീമിന് മൊത്തം ഏഴ് ഷോട്ട് ഓൺ ടാർഗറ്റായിരുന്നു ഉണ്ടായിരുന്നത്. അവസരങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തത് കൊലോനിന് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനെതിരെ ഒരു ജയവും സമനിലയും കൊലൊൻ നേടിയിരുന്നു. 25 പോയന്റുള്ള ബയേണിന് പിന്നിൽ 24 പോയന്റുമായാണ് ബൊറുസിയ ഡോർട്ട്മുണ്ട് നിലവിലുള്ളത്.