ജർമ്മൻ ബുണ്ടസ് ലീഗയിൽ നിർണായക ജയം കണ്ടത്തി ബയേൺ മ്യൂണിക്. വെർഡർ ബ്രമനു എതിരെ 2-1 നു ജയം കുറിച്ച അവർ നിലവിൽ ലീഗിൽ ഒരു കളി കുറവ് കളിച്ച ഡോർട്ട്മുണ്ടിനെക്കാൾ 4 പോയിന്റുകൾ മുന്നിലാണ്. ബയേണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്. കിമ്മിചിന്റെ മികച്ച ഹെഡർ ആദ്യ പകുതിയിൽ ബ്രമർ കീപ്പർ രക്ഷിക്കുക ആയിരുന്നു.
രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ആണ് ബയേണിനു നിർണായക ഗോൾ നേടാൻ ആയത്. റീബോണ്ടിൽ നിന്നു തന്റെ മുൻ ക്ലബിന് എതിരെ സെർജ് ഗനാബ്രിയാണ് ബയേണിനു ആയി ഗോൾ നേടിയത്. 10 മിനിറ്റിനുള്ളിൽ മസറൗയുടെ പാസിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ ലീറോയ് സാനെ ബയേണിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. മിലോസ് വെൽകോവിചിന്റെ പാസിൽ നിന്നു 30 വാര അകലെ നിന്നു ഉഗ്രൻ അടിയിലൂടെ പകരക്കാരനായി ഇറങ്ങിയ നിക്ലസ് ഷിമിറ്റ് ബ്രമനു ആയി ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ അത് മതിയായിരുന്നില്ല. ബയേണിന്റെ ജയത്തോടെ നാളെ വോൾവ്സ്ബർഗിനെ നേരിടുന്ന ഡോർട്ട്മുണ്ടിന് ജയം അനിവാര്യമാണ്.