ബയേണുമായുള്ള കരാർ അവസാനിച്ചതിന് പിറകെ തന്റെ മുൻ തട്ടകമായ ലിയോണിലേക്ക് തിരിച്ചെത്തി കൊറന്റിൻ ടോളിസോ. അഞ്ചു വർഷത്തെ കരാറിൽ ആണ് താരത്തെ ലിയോൺ ടീമിലേക്ക് തിരിച്ചെത്തിക്കുന്നത്. ഇതോടെ ലക്കാസെറ്റക്ക് പുറമെ തങ്ങളുടെ മറ്റൊരു മുൻ താരത്തെ കൂടി ലിയോൺ ഫ്രീ ട്രാൻസ്ഫറിലൂടെ തിരിച്ചെത്തിച്ചിരിക്കുകയാണ്.
ലിയോണിന്റെ യൂത്ത് ടീം അംഗമായിരുന്ന ടോളിസോ 2013 മുതലാണ് സീനിയർ ടീമിന്റെ ഭാഗമാകുന്നത്.നാല് സീസണുകളിലായി നൂറ്റിയറുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയ ശേഷം 2017ൽ ബയേണിലേക്ക് കൂടുമാറി. ആദ്യ സീസണിൽ തുടർച്ചയായി അവസരങ്ങൾ ലഭിച്ചെങ്കിലും തുടർന്ന് പരിക്ക് താരത്തെ വലച്ചു. പിന്നീട് പ്രതിഭാധാരാളിതമുള്ള ബയേൺ മധ്യനിരയിൽ സ്ഥിരം സാന്നിധ്യം ആവാനും ടോളിസോക്ക് സാധിച്ചില്ല. അഞ്ചു സീസണുകളിലായി ആകെ എഴുപതോളം ലീഗ് മത്സരങ്ങളിൽ മാത്രമാണ് ബയേണിന്റെ കുപ്പായത്തിൽ ഇറങ്ങാൻ താരത്തിന് സാധിച്ചത്. തുടർന്ന് കരാർ നീട്ടികൊടുക്കേണ്ട എന്ന് ബയേൺ തീരുമാനിക്കുകയായിരുന്നു.
ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു ടോളിസോ. മറ്റൊരു ലോകകപ്പ് കൂടി അടുത്ത് വരുമ്പോൾ കൂടുതൽ അവസരങ്ങൾ ആണ് താരവും ലക്ഷ്യമിടുന്നത്.