ജർമ്മൻ ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ ജയിച്ചു തുടങ്ങി ബയേൺ മ്യൂണിക്. ആവേശകരമായ മത്സരത്തിൽ വോൾവ്സ്ബർഗിനെ അവരുടെ മൈതാനത്ത് 3-2 നു ആണ് ബയേൺ തോൽപ്പിച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ വലിയ ആധിപത്യം കണ്ടെങ്കിലും വോൾവ്സ്ബർഗ് അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. 19 മത്തെ മിനിറ്റിൽ സാഷ ബോയെയുടെ പാസിൽ നിന്നു ഗോൾ നേടിയ ജമാൽ മുസിയാല ബയേണിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ്ബർഗ് തിരിച്ചടിച്ചു. തോമസിനെ ബോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലോവ്റോ മേഹർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മത്സരം സമനിലയിലാക്കി. തുടർന്ന് വോൾവ്സ്ബർഗിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ പലപ്പോഴും ന്യൂയർ രക്ഷകനായി.

55 മത്തെ മിനിറ്റിൽ ബയേണിന്റെ പ്രതിരോധത്തിൽ കിം വരുത്തിയ വലിയ പിഴവിന് ഒടുവിൽ പന്ത് റാഞ്ചിയ പാട്രിക് വിമ്മറിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ലോവ്റോ മേഹർ വോൾവ്സ്ബർഗിനെ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തിച്ചു. 65 മിനിറ്റിൽ പകരക്കാരനായി തോമസ് മുള്ളർ എത്തിയതോടെ ബയേണിന്റെ ആക്രമണം കൂടി. തുടർന്ന് മുള്ളറിന്റെ കോർണറിൽ നിന്നു ഹാരി കെയിന്റെ ഹെഡറിൽ നിന്നു അബദ്ധത്തിൽ ജേക്കുവ് കമിൻസ്കി സെൽഫ് ഗോൾ നേടിയതോടെ ബയേൺ മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് വിജയത്തിന് ആയി ബയേണിന്റെ നിയന്ത്രണ ആക്രമണം കാണാൻ ആയി, ഇടക്ക് ഗോൾ എന്നുറച്ച കെയിനിന്റെ ഷോട്ട് കമിൻസ്കി ബ്ലോക്ക് ചെയ്തു. 82 മത്തെ മിനിറ്റിൽ മുള്ളറിന്റെ അതുഗ്രൻ നീക്കത്തിന് ഒടുവിൽ കെയിൻ നൽകിയ പാസിൽ നിന്നു സെർജ് ഗനാബ്രി ഗോൾ നേടിയതോടെ ബയേൺ വീണ്ടും മുന്നിലെത്തി. തുടർന്ന് മികച്ച ഒരവസരം സമനില ഗോൾ നേടാനായി വോൾവ്സ്ബർഗിനു ലഭിച്ചെങ്കിലും അവർക്ക് അത് മുതലാക്കാൻ ആയില്ല. അതേസമയം അവസാന നിമിഷം ന്യൂയറിന്റെ മികവും അവർക്ക് തുണയായി.