ജർമ്മൻ ബുണ്ടസ് ലീഗയിൽ കിരീട പോരാട്ടത്തിൽ പിന്നിലേക്ക് ഇല്ല എന്ന സൂചന നൽകി ബയേൺ മ്യൂണിക്. തരം താഴ്ത്തൽ പോരാട്ടത്തിലുള്ള ഷാൽകെക്ക് എതിരെ എതിരില്ലാത്ത ആറു ഗോളുകൾക്ക് ആണ് ബയേൺ ജയം കണ്ടത്. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ച ഡോർട്ട്മുണ്ടിനെക്കാൾ നാലു പോയിന്റുകൾ മുന്നിൽ ആണ് അവർ ഇപ്പോൾ. അതേസമയം ലീഗിൽ 16 മത് ആണ് ഷാൽകെ. നിരവധി അവസരങ്ങൾക്ക് ശേഷം 21 മത്തെ മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു തോമസ് മുള്ളർ ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് മുസിയാലയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി 29 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട ജോഷുവ കിമ്മിഷ് ബയേണിനു രണ്ടാം ഗോളും സമ്മാനിച്ചു.
ഇടവേളക്ക് ശേഷം നാലു ഗോളുകൾ ആണ് ബയേൺ നേടിയത്. 50 മത്തെ മിനിറ്റിൽ കാൻസെലോയുടെ പാസിൽ നിന്നു സെർജ് ഗനാബ്രി അവർക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. 65 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ ഗനാബ്രി ബയേണിന്റെ വലിയ ജയം ഉറപ്പിച്ചു. തുടർന്ന് 80 മത്തെ മിനിറ്റിൽ മുസിയാലയുടെ പാസിൽ നിന്നു പകരക്കാരൻ മാതിയാസ് ടെൽ, 92 മത്തെ മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു മസറൗയി എന്നിവർ ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. അതേസമയം മറ്റ് മത്സരങ്ങളിൽ യൂണിയൻ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, വോളവ്സ്ബർഗ് എന്നിവരും ജയം കണ്ടു.