ബുണ്ടെസ്‌ലിഗയിൽ ഗോൾ വർഷം നടത്തി ബയേൺ മ്യൂണിക് തങ്ങളുടെ കുതിപ്പ് തുടരുന്നു. ഇന്നത്തെ മത്സരത്തിൽ ഫോർച്യുന ഡ്യൂസ്സൽഡോർഫിനെ ഏകപക്ഷീയമായ 5 ഗോളുകൾക്കാണ് ബയേൺ മ്യൂണിക് തോൽപ്പിച്ചത്. ജയത്തോടെ ബുണ്ടെസ്‌ലിഗയിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോർട്മുണ്ടിനേക്കാൾ ഒന്നാം സ്ഥാനത്ത് പത്ത് പോയിന്റിന്റെ ലീഡ് നിലനിർത്താനും ബയേൺ മ്യൂണിക്കിനായി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബയേൺ മ്യൂണിക് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ 15മത്തെ മിനിറ്റിൽ ജോർഗെൻസണിന്റെ സെൽഫ് ഗോളിലാണ് ബയേൺ മ്യൂണിക് ഗോൾ വേട്ട തുടങ്ങിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് പവാഡിന്റെയും ലെവൻഡസ്‌കിയുടെയും ഗോളിൽ ബയേൺ തങ്ങളുടെ ലീഡ് മൂന്നാക്കി ഉയർത്തി.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തുടരെ തുടരെ രണ്ടു ഗോളുകളടിച്ച് ബയേൺ തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയർത്തുകയായിരുന്നു. ലെവൻഡോസ്‌കിയും അൽഫോൻസോ ഡേവിസുമാണ് ബയേൺ മ്യൂണിക്കിന്റെ ഗോളുകൾ നേടിയത്.