ബുണ്ടസ് ലീഗയിൽ ബയേർ ലെവർകൂസനെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലെവർ കൂസനെ ബയേൺ പരാജയപ്പെടുത്തിയത്. ലെവർകൂസന്റെ അപരാജിതമായ 12 ലീഗ് മാച്ചിന്റെ വിന്നിംഗ് സ്ട്രീക്കാണ് ബയേൺ 2018ലെ ആദ്യ മത്സരത്തിൽ അവസാനിപ്പിച്ചത്. ബയേണിന് വേണ്ടി ഹാവി മാർട്ടിനെസ്,ഫ്രാങ്ക് റിബറി,ഹാമിഷ് റോഡ്രീഗസ് എന്നിവരാണ് സ്കോർ ചെയ്തത്. ലെവർകൂസന്റെ ആശ്വാസ ഗോൾ കെവിൻ വൊല്ലാണ്ട് നേടി.
ഹാമിഷ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ്. സാൻട്രോ വാഗ്നർ ബയേണിന് വേണ്ടി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതും ഇന്നലത്തെ മത്സരത്തിൽ തന്നെയായിരുന്നു. ലെവൻഡോസ്കിക്ക് വിശ്രമം അനുവദിച്ച യപ്പ് ഹൈങ്കിസ് തുടക്കം മുതൽ അക്രമിച്ചാണ് കളിയാവിഷ്കരിച്ചത്. ആർട്ടുറോ വിദാൽ തുടർച്ചയായി ഗോൾ മുഖത്ത് ഭീഷണിയുയർത്തിയെങ്കിലും ആദ്യ ഗോൾ നേടിയത് ഹാവി മാർട്ടിനെസാണ്.
2018 ലെ രണ്ടാം ബുണ്ടസ് ലീഗ് ഗോൾ ഫ്രാങ്ക് റിബറി ആദ്യ പകുതിക്ക് മുൻപേ നേടി. റോഡ്രിഗസിൽ നിന്നും പന്ത് വാങ്ങിയ റിബറി പെനാൽറ്റി ഏരിയയിലേക്ക് ഓടിക്കയറുകയും തകർപ്പൻ ഷോട്ടിലൂടെ 2018ലെ തന്റെ ആദ്യ ഗോൾ നേടി. എന്നാൽ ഒറ്റയാൾ പോരാട്ടത്തിലൂടെ കെവിൻ വൊല്ലാണ്ട് ലെവർകൂസന്റെ ആശ്വാസ ഗോൾ നേടി. അവസാന നിമിഷത്തെ തകർപ്പൻ ഫ്രീ കിക്കിലൂടെ ഹാമിഷ് റോഡ്രിഗസ് ബയേണിന്റെ ലീഡുയർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial