ജർമ്മൻ ബുണ്ടസ് ലീഗയിൽ ചിര വൈരികൾ ആയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തു ബയേൺ മ്യൂണിക്. ഹാട്രിക് നേടിയ ഹാരി കെയിനിന്റെ മികവ് ആണ് ബയേണിന് ജയം സമ്മാനിച്ചത്. നാലാം മിനിറ്റിൽ സാനെയുടെ പാസിൽ നിന്നു ഉപമെകാനയുടെ ഹെഡറിലൂടെ ബയേൺ മത്സരത്തിൽ മുന്നിൽ എത്തി. തുടർന്ന് അഞ്ചു മിനിറ്റിനുള്ളിൽ സാനെയുടെ തന്നെ പാസിൽ നിന്നു ഹാരി കെയിൻ കളിയിലെ തന്റെ ആദ്യ ഗോൾ നേടി. തുടർന്ന് രണ്ടാം പകുതിയിൽ 72 മത്തെ മിനിറ്റിൽ കോമാന്റെ പാസിൽ നിന്നു കെയിൻ തന്റെ രണ്ടാം ഗോളും നേടി.
93 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ പാവ്ലോവിചിന്റെ പാസിൽ നിന്നു ഗോൾ നേടിയ കെയിൻ ഹാട്രിക്കും ബയേണിന്റെ വലിയ ജയവും പൂർത്തിയാക്കി. ആദ്യ 10 കളികളിൽ നിന്നു ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി കെയിൻ മാറി. ഇത് വരെ 15 ഗോളുകൾ ആണ് ഇംഗ്ലീഷ് ക്യാപ്റ്റൻ നേടിയത്. ജയത്തോടെ ബയേൺ ലെവർകുസനു രണ്ടു പോയിന്റ് പിറകിൽ രണ്ടാമത് തുടരുമ്പോൾ ഡോർട്ട്മുണ്ട് നാലാം സ്ഥാനത്ത് ആണ്.