അർജന്റീനക്ക് പിന്നാലെ ബ്രസീലും അണ്ടർ 20 ലോകകപ്പിൽ നിന്ന് പുറത്തായി. ഇന്ന് ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിനെ നേരിട്ട ബ്രസീൽ 3-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയ ഇസ്രായേൽ ലോകകപ്പ് സെമിയിലേക്ക് പ്രവേശിച്ചു.
ഇന്ന് 56ആം മിനുട്ടിൽ ലയനാർഡോയുടെ ഗോളിൽ ബ്രസീൽ ആയിരുന്നു ലീഡ് എടുത്തത്. ഈ ഗോളിന് 60ആം മിനുട്ടിൽ ഖലാലിയിലൂടെ ഇസ്രായേൽ സമനില നേടി. 90 മിനുട്ട് വരെ സ്കോർ 1-1 എന്ന് തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടിൽ തന്നെ ബ്രസീൽ തങ്ങളുടെ രണ്ടാം ഗോൾ നേടി. നസിമെന്റോ ആയിരുന്നു ബ്രസീൽ സ്കോറർ.
അധികം താമസിയാതെ ഇസ്രായേൽ വീണ്ടും സമനില പിടിച്ചു. 93ആം മിനുട്ടിൽ ഷിബിലിയുടെ ഗോളാണ് ഇസ്രായേലിന് സമനില നൽകിയത്. ടർഗ്മാനിലൂടെ 105ആം മിനുട്ടിൽ ഇസ്രായേൽ ലീഡും എടുത്തു. സ്കോർ 3-2. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഇസ്രായേലിന് രണ്ട് പെനാൾട്ടി കിട്ടിയെങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല. എങ്കിലും പെനാൾട്ടി ഇല്ലാതെ തന്നെ ഇസ്രായേൽ വിജയം ഉറപ്പിച്ചു. സെമി ഫൈനലിൽ ഉറുഗ്വേയോ അമേരിക്കയോ ആകും ഇസ്രായേലിന്റെ എതിരാളികൾ.