എൻഡ്രിക് റയൽ മാഡ്രിഡിലേക്ക് അടുക്കുന്നു
ബ്രസീലിന്റെ പുത്തൻ തരോദയം എൻഡ്രിക് റയൽ മാഡ്രിഡിലേക്ക് അടുക്കുന്നതായി സൂചനകൾ. താരത്തിന്റെ ടീമായ പാൽമിറാസിന് മുന്നിൽ അറുപത് മില്യൺ യൂറോയുടെ ഡീൽ വെച്ചതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷാവസാനത്തോടെ തന്നെ കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ആണ് സ്പാനിഷ് വമ്പന്മാരുടെ നീക്കമത്രെ. താരവുമായും റയൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഇതോടെ എൻഡ്രിക്കിന് പിറകിൽ ഉണ്ടായിരുന്ന മറ്റ് വമ്പൻ യൂറോപ്യൻ ടീമുകളെ മറികടന്ന് യുവപ്രതിഭക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ റയൽ മുന്നിലെത്തിയിരിക്കുകയാണ്. നേരത്തെ പിഎസ്ജി താരത്തിന് വേണ്ടി ഓഫർ നൽകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അവർ നൽകാൻ തയ്യാറായ തുകയേക്കാൾ വളരെ അധികമാണ് നിലവിലെ റയലിന്റെ ഓഫർ. പിഎസ്ജിക്ക് പുറമെ ചെൽസി ആണ് എൻഡ്രിക്കിന് പിറകെ ഉള്ള മറ്റൊരു ടീം.
പാൽമിറാസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരനെ ഇത്തവണ ബ്രസീൽ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്ന് ഇതിഹാസ താരം റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. കരാറിന്റെ കാര്യത്തിൽ ധാരണയിൽ ആയാൽ 2024 ൽ താരം റയലിൽ എത്തും. അതേ സമയം മറ്റ് ടീമുകൾ കൂടുതൽ മികച്ച ഓഫറുമായി എത്താനും സാധ്യതയുണ്ട്.