ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) അവരുടെ ദേശീയ ടീമിന്റെ പുതിയ മാനേജരായി കാർലോ ആഞ്ചലോട്ടിയെ തന്നെയാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റയൽ മാഡ്രിഡിന്റെ നിലവിലെ മാനേജരായ ആഞ്ചലോട്ടിക്കായി ഒരു ഓഫർ സമർപ്പിക്കാൻ ആണ് ഇപ്പോൾ ബ്രസീൽ ആലോചിക്കുന്നത്. അവർ ആഞ്ചലോട്ടിയുമായി ചർച്ചകളും നടത്തുന്നുണ്ട്.
ബ്രസീൽ തൽക്കാലം പുതിയ പരിശീലകനെ നിയമിക്കണ്ട എന്ന തീരുമാനത്തിലാണ്. അവരുടെ അണ്ടർ 20 ടീമിന്റെ മാനേജർ റാമോൺ മെനെസെ ആകും മാർച്ചിലെ അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിനെ പരിശീലിപ്പിക്കുക. അതേസമയം, റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായി ആഞ്ചലോട്ടിയുമായുള്ള ചർച്ചകളും ഈ മാസം നടക്കും.
ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മുൻ ബ്രസീൽ മാനേജർ ടിറ്റെ ചുമതലയിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ബ്രസീൽ വിദേശ പരിശീലകർക്ക് ആയുള്ള അന്വേഷണം ആരംഭിച്ചത്. റയൽ മാഡ്രിഡിലെ തന്റെ ജോലിയിൽ മാത്രം ആണ് ഇപ്പോൾ ശ്രദ്ധ എന്നും തന്നെ പുറത്താക്കിയാൽ മാത്രമേ ക്ലബ് വിടൂ എന്നും അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.