ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗതിനു ആയുള്ള തന്റെ അവസാന മത്സരത്തിൽ അവർക്ക് ടോട്ടനം ഹോട്സ്പറിന് എതിരെ വിജയം സമ്മാനിച്ചു അന്റോയിൻ സെമെനിയോ. മാഞ്ചസ്റ്റർ സിറ്റിയിൽ പോകുന്നത് ഉറപ്പിച്ച താരം തന്റെ 26 മത്തെ പിറന്നാൾ ദിനം 95 മത്തെ മിനിറ്റിൽ ആണ് ബോർൺമൗതിനു 3-2 ന്റെ നാടകീയ ജയം സമ്മാനിച്ചത്. തുടർന്ന് താരത്തെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകർ യാത്രയാക്കിയത്. ആവേശകരമായ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ സാവി സിമൻസിന്റെ പാസിൽ നിന്നു മാതിയസ് ടെലിലൂടെ ടോട്ടനം ആണ് ആദ്യം മുന്നിൽ എത്തിയത്.

എന്നാൽ 22 മത്തെ മിനിറ്റിൽ ടാവനിയറിന്റെ പാസിൽ നിന്നു ഇവാനിലസിനിലൂടെ ബോർൺമൗത് സമനില ഗോൾ കണ്ടെത്തി. തുടർന്ന് 36 മത്തെ മിനിറ്റിൽ സെനസിയുടെ പാസിൽ നിന്നു 19 കാരനായ ജൂനിയർ ക്രോപി ബോർൺമൗതിനെ മുന്നിൽ എത്തിച്ചു. സീസണിൽ തന്റെ ഏഴാം ഗോൾ നേടിയ താരം യൂറോപ്പിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീനേജർ ആയും മാറി. രണ്ടാം പകുതിയിൽ 78 മത്തെ മിനിറ്റിൽ പലീനയിലൂടെ ടോട്ടനം സമനില പിടിച്ചു എന്നു കരുതിയെങ്കിലും തുടർന്ന് ആണ് 95 മത്തെ മിനിറ്റിൽ സെമെനിയോയുടെ ഉഗ്രൻ വിജയഗോൾ പിറന്നത്. 11 കളികളിൽ വിജയം അറിയാത്ത ബോർൺമൗത് ലീഗിൽ ജയത്തോടെ 15 മത് എത്തി. ടോട്ടനം 14 സ്ഥാനത്ത് ആണ്.









