പ്രീമിയർ ലീഗ് ക്ലബായ ബോണ്മതിൽ നിന്ന് വെറ്ററൻ ഗോൾകീപ്പർ നെറ്റോയെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ്ബായ ബൊട്ടാഫോഗോ ധാരണയിൽ എത്തി. 36 വയസ്സുകാരനായ താരം 2027 വരെയാണ് ബൊട്ടാഫോഗോയുമായി കരാർ ഒപ്പിട്ടത്, കരാർ ആറ് മാസത്തേക്ക് നീട്ടാനും സാധ്യതയുണ്ട്.
ബോൺമൗത്തിലെ ഉയർന്ന ശമ്പളമുള്ള കളിക്കാരിൽ ഒരാളായ നെറ്റോയെ ട്രാൻസ്ഫർ ഫീയില്ലാതെയാണ് ബൊട്ടാഫോഗോ സ്വന്തമാക്കിയത്. പുതിയ സീസണിന് മുന്നോടിയായി വലിയൊരു തുക ശമ്പളത്തിൽ നിന്ന് ഒഴിവാക്കാൻ ഈ കൈമാറ്റം ബോൺമൗത്തിനെ സഹായിച്ചു.
വൈദ്യപരിശോധനകൾ പൂർത്തിയാക്കുന്നതിനായി നെറ്റോ ഇന്ന് രാത്രി റിയോ ഡി ജനീറോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ബ്രസീലിയൻ സീരി എ-യിൽ ഏഴാം സ്ഥാനത്തുള്ള ബൊട്ടാഫോഗോക്ക് ടോപ് ഫോറിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കാൻ നെറ്റോയുടെ വരവ് സഹായിക്കുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
ബാഴ്സലോണ, വലൻസിയ, ഫിയോറന്റീന തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള നെറ്റോ, ബോൺമൗത്തിനുവേണ്ടി 63 മത്സരങ്ങളിൽ നിന്ന് 13 ക്ലീൻ ഷീറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആഴ്സണലിൽ ലോണിൽ പോയ താരം ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. എന്നാൽ അതിന് മുൻപുള്ള രണ്ട് വർഷങ്ങളിൽ 59 ലീഗ് മത്സരങ്ങളിൽ കളിച്ചിരുന്നു.
ജൂലൈയിൽ ചെൽസിയിൽ നിന്ന് ജോർജെ പെട്രോവിച്ചിനെ അഞ്ച് വർഷത്തെ കരാറിൽ ബോൺമൗത്ത് സ്വന്തമാക്കിയിരുന്നു.