അഹമ്മദാബാദ് : ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച പുരുഷ വനിതാ സൗത്ത് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി കേരളാ ബ്ലൈൻഡ് ഫുട്ബോൾ ടീം. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് സംസ്ഥാനത്തിന്റെ നേട്ടം.

അഹമ്മദാബാദ്, കിംഗ് ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ഗുജറാത്തിനോട് പെനാൽറ്റിയിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളാ പുരുഷ ടീം പരാജയപ്പെട്ടത്. ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയതോടെ ഈ വർഷാവസാനം ഉത്തരാഖണ്ഡിൽ നടക്കുന്ന നാഷണൽ ചാംപ്യൻഷിപ്പിലേക് യോഗ്യത നേടാനും പുരുഷ ടീമിനായി. ലീഗ് റൗണ്ടിൽ മൂന്ന് പോയിന്റ് നേടിയാണ് വനിതാ ടീം മൂന്നാം സ്ഥാനം നേടിയത്.
കേരളത്തിന്റെ സുജിത് പി. എസ്. മികച്ച ഗോൾകീപ്പറായും, അഖിൽ ലാൽ ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടു.
ഹെഡ് കോച്ച് സീന സി വി , സുജിത് പി സ് , ടീം കോഓർഡിനേറ്റർമാരായ ശുഹൈബ്, മറിയാമ്മ, എന്നിവരുടെ നേതൃത്വത്തിൽ ത്രീ ടു വൺ ഫൗണ്ടേഷന്റെ സഹകരത്തോടെയാണ് കേരളാ ടീം ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
ടൂർണമെന്റിൽ പങ്കെടുക്കാൻ സഹായിച്ച എസ്.ആർ.വി.സി., ലെഗ്രാസിയേ നിലമ്പൂർ, വോയേജ്ഗ്രാം, എഫ് ക്യുബ് റിതാൻ, ഹിഡൻ വോയിസസ് റേ ഓഫ് ഹോപ്പ്, ദർശന ക്ലബ് തൃശൂർ എന്നീ സംഘടനകളെ കേരളാ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ അഭിനന്ദിച്ചു. ഏപ്രിൽ 3-ന് കേരളാ ടീം തിരിച്ചെത്തും.