കാമറൂൺ പരിശീലകനായ സീഡോർഫിന്റെ വാക്കുകളിൽ പ്രതിഷേധിച്ച് കാമറൂൺ ക്യാപ്റ്റനായ ബെഞ്ചമിൻ മൗകാഞ്ജോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ചൈനയിലും മറ്റും ചെന്ന് ഫുട്ബോൾ കളിക്കുന്നവരെ താൻ രാജ്യത്തിനായി പരിഗണിക്കില്ലാ എന്നും പകരം യുവതാരങ്ങളെ ടീമിൽ അണിനിരത്തും എന്നും സീഡോർഫ് പറഞ്ഞിരുന്നു. വലിയ ഓഫറുകൾ കണ്ട് ഏഷ്യയിലേക്ക് പോകുന്നവർ രാജ്യത്തിനായി കളിക്കാനുള്ള അവസരം അവസാനിക്കുന്നതായി കരുതണം എന്നും സീഡോർഫ് പറഞ്ഞിരുന്നു.
എന്നാൽ പരിശീലകന്റെ ഈ അഭിപ്രായത്തോട് യോജിപ്പില്ല എന്നും തങ്ങളെ ടീമിൽ എടുക്കില്ല എങ്കിൽ നേരിട്ട് പറയണമെന്നും ബെഞ്ചമിൻ പറഞ്ഞു. രാജ്യത്തിന്റെ ജേഴ്സി അണിഞ്ഞതിലും രാജ്യത്തെ നയിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും ഇനി രാജ്യത്തിനായി കളിക്കില്ല എന്നും ബെഞ്ചമിൻ പറഞ്ഞു. കാമറൂണായി 55 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ബെഞ്ചമിൻ. ഇപ്പോൾ ചൈനീസ് ക്ലബായ ബീജിങ് റെൻഹേയിലാണ് ബെഞ്ചമിൻ കളിക്കുന്നത്.