ബെൽജിയൻ ദേശിയ ടീം കോച്ച് ആയി ഡൊമെനിക്കോ ടോഡെസ്കൊ നിയമിതനായി. ലോകകപ്പിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം പുറത്തായ റോബർട്ടോ മർട്ടിനസിന് പകരക്കാരനായാണ് മുപ്പത്തിയെഴുകാരനെ ബെൽജിയം എത്തിക്കുന്നത്. രണ്ടു വർഷത്തെ കരാർ ആണ് ടോഡെസ്കൊക്ക് ലഭിക്കുക. 2024 യൂറോ വരെ ടീമിന് തന്ത്രങ്ങൾ ഓതാൻ അദ്ദേഹത്തിനാവും. യൂറോ യോഗ്യത തന്നെയാണ് പുതിയ കോച്ചിന്റെ ആദ്യ ചുമതലയെന്ന് ബെൽജിയം അറിയിച്ചു. മാർച്ചിൽ സ്വീഡനെതിരാണ് ടീമിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരം.
മികച്ച ടീം ഉണ്ടായിട്ടും വലിയ നേട്ടങ്ങൾ ഒന്നും നേടാൻ ആവാതെ പോയ കാലമാണ് ബെൽജിയത്തിന് മാർട്ടിനസിന്റെ കീഴിൽ കഴിഞ്ഞത്. ഷാൽകെ, സ്പാർടക്ക് മോസ്‌കോ എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള ഡൊമെനിക്കോ ടോഡെസ്കൊ, ലെപ്സിഗിനും തന്ത്രങ്ങൾ ഓതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അക്രമണാത്മക ഫുട്ബോൾ തന്നെ ആവും ബെൽജിയത്തെ ആകർഷിച്ചത്. എങ്കിലും അന്താരാഷ്ട്ര തലത്തിൽ അനുഭവ സമ്പത്ത് കുറവുള്ള ടോഡെസ്കൊ, ബെൽജിയത്തെ പോലെ വമ്പൻ താരങ്ങൾ നിറഞ്ഞ ടീമിനെ എങ്ങനെ മുന്നോട്ടു നയിക്കും എന്നാണ് കണ്ടറിയേണ്ടത്. കൂടതെ കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങിയാൽ സുവർണ തലമുറയിലെ ഒരു പിടി താരങ്ങൾ പടിയിറങ്ങമ്പോൾ യുവതാരങ്ങൾ അടങ്ങിയ പുതിയ ടീമിനെ ദീർഘകാലത്തേക്ക് ഇദ്ദേഹത്തിന്റെ കീഴിൽ വളർത്തിയെടുക്കാനും ആവും ബെൽജിയവും ഉദ്ദേശിക്കുന്നത്. ലെപ്സിഗിനൊപ്പം ഒരു വർഷത്തിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനായിരുന്നു.