മാർക്ക് ആന്ദ്രേ ടെർ-സ്റ്റീഗനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ബാഴ്സലോണ. താരത്തെ ക്ലബിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. നിലവിൽ വൈസ് ക്യാപ്റ്റനായ റൊണാൾഡ് അറൗഹോ, ടെർ-സ്റ്റീഗന് പകരം ക്യാപ്റ്റന്റെ ചുമതലകൾ ഏറ്റെടുക്കും. പരിക്കിനെ തുടർന്നുള്ള തന്റെ മെഡിക്കൽ റിപ്പോർട്ടിൽ ഒപ്പിടാൻ താരം വിസമ്മതിച്ചതാണ് അച്ചടക്ക നടപടികൾക്ക് കാരണം. ഇത് ക്ലബ്ബുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിവെച്ചു.

ബാഴ്സയുടെ പ്രതിരോധത്തിലെ പ്രധാനിയായ റൊണാൾഡ് അറോഹോ ഇനി ടീമിനെ നയിക്കും. പ്രതിസന്ധി ഘട്ടത്തിൽ നേതൃത്വപരമായ സ്ഥിരത നിലനിർത്താനുള്ള ക്ലബ്ബിന്റെ തീരുമാനം കൂടിയാണിത്. ക്ലബ്ബും താരവും തമ്മിലുള്ള തർക്കവും അദ്ദേഹത്തിന്റെ പരിക്കും കാരണം ടെർ-സ്റ്റീഗന്റെ ബാഴ്‌സയിലെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കൂടുതൽ ചർച്ചകൾ നടത്താനാണ് ക്ലബ്ബിന്റെ തീരുമാനം.