3-0 വിജയത്തോടെ ബാഴ്‌സലോണ ലാലിഗയിൽ ഒസാസുനയെ മറികടന്നു. പല താരങ്ങളും തിരികെ ടീമിനോടൊപ്പം ചേരുന്നതിന് മുമ്പ് തന്നെ മത്സരത്തിന് ഇറങ്ങേണ്ടി വന്നിട്ടും ബാഴ്സലോണ പതറിയില്ല. ഈ ജയത്തോടെ അവരുടെ അപരാജിത കുതിപ്പ് 19 മത്സരങ്ങളിലേക്ക് ബാഴ്സലോണ നീട്ടി. ഈ ജയം ലാ ലിഗയിൽ മൂന്ന് പോയിന്റ് ലീഡും ബാഴ്സക്ക് നൽകി.

ആദ്യ പകുതിയിൽ ഫെറാൻ ടോറസും ഡാനി ഓൾമോയും ഗോളുകൾ നേടി, ഇടവേളയ്ക്ക് ശേഷം റോബർട്ട് ലെവൻഡോവ്സ്കി മൂന്നാം ഗോൾ നേടി വിജയം പൂർത്തിയാക്കി.
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനായി കളിച്ച റാഫിഞ്ഞോ ഇല്ലാതെയാണ് ബാഴ്‌സ കളത്തിലിറങ്ങിയത്. പതിനൊന്നാം മിനിറ്റിൽ ബാൽഡെയുടെ ലോ ക്രോസ് ഫിനിഷ് ചെയ്തുകൊണ്ട് ടോറസ് സ്കോറിംഗ് ആരംഭിച്ചു. ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഓൾമോ ലീഡ് ഇരട്ടിയാക്കി.
ബെഞ്ചിൽ നിന്ന് ഇറങ്ങിയ ലെവൻഡോവ്സ്കി, വൈകിയുള്ള ഒരു ഹെഡ്ഡറിലൂടെ വിജയം ഉറപ്പിച്ചു, 23 ഗോളുകളുമായി ലാ ലിഗയിലെ ടോപ് സ്കോറർ എന്ന സ്ഥാനം അദ്ദേഹം ഉറപ്പിച്ചു.