ബാഴ്സലോണ: ലാ ലിഗയിൽ റിലഗേഷൻ ഭീഷണി നേരിടുന്ന ലെഗാനെസിനെതിരെ 1-0 ൻ്റെ വിജയം നേടി ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഏഴ് പോയിന്റാക്കി ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെഗാനീസ് താരം ജോർജ് സൈൻസ് വരുത്തിയ സെൽഫ് ഗോളാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്.

ലെഗാനീസ് ടീമിനെ മറികടക്കാൻ ബാഴ്സലോണ ബുദ്ധിമുട്ടിയെങ്കിലും, 48-ാം മിനിറ്റിൽ റാഫിഞ്ഞയുടെ ലോ ക്രോസ് റോബർട്ട് ലെവൻഡോവ്സ്കിയെ ലക്ഷ്യമാക്കി പോകുമ്പോൾ സൈൻസ് അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടത് ബാഴ്സയ്ക്ക് ആശ്വാസമായി.
ഈ വിജയത്തോടെ 2025 ലെ ബാഴ്സലോണയുടെ തോൽവിയറിയാത്ത കുതിപ്പ് 24 മത്സരങ്ങളായി ഉയർന്നു.
ഞായറാഴ്ച അലാവസിനെ നേരിടുന്ന റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റ് ലീഡാണ് ഇപ്പോൾ ബാഴ്സയ്ക്ക് ഉള്ളത്. മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ബാഴ്സ ഗോൾകീപ്പർ വോയ്സിക്ക് ഷെസ്നി ഒരു നിർണായക സേവ് നടത്തി. ഇഞ്ചുറി ടൈമിൽ മുനിർ എൽ ഹദ്ദാദിയുടെ സമനില ഗോൾ ശ്രമം ഇഗോ മാർട്ടിനെസിൻ്റെ തകർപ്പൻ ടാക്കിളിലൂടെയും വിഫലമായി.
ഈ സീസണിൽ നേരത്തെ ബാഴ്സലോണയെ തോൽപ്പിച്ച ലെഗാനീസ് 19-ാം സ്ഥാനത്ത് തുടരുകയാണ്.