ബാഴ്സലോണ തങ്ങളുടെ തട്ടകത്തിലെ ആദ്യ മത്സരത്തിൽ വലൻസിയയെ 6-0ന് തകർത്തു. നവീകരണത്തിനായി കാമ്പ് നൗ അടച്ചിട്ടതിനാൽ, 6,000 കാണികളെ മാത്രം ഉൾക്കൊള്ളുന്ന ചെറിയ സ്റ്റേഡിയമായ ജോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ഫെർമിൻ ലോപ്പസ്, റാഫിഞ്ഞ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവർ രണ്ട് ഗോളുകൾ വീതം നേടി ബാഴ്സയുടെ വിജയം അനായാസമാക്കി.

പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ബാഴ്‌സലോണ ഈ വിജയം നേടിയത്. യുവതാരം ലമിൻ യമാൽ പരിക്കേറ്റ് പുറത്തായിരുന്നു. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ബാഴ്സ, രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ചു. റാഫിഞ്ഞയും മാർക്കസ് റാഷ്‌ഫോർഡും ടീമിന് കൂടുതൽ ഊർജ്ജം നൽകി. പരിക്കിന് ശേഷം തിരിച്ചെത്തിയ ലെവൻഡോവ്സ്കി തന്റെ മികച്ച ഫോം തുടരുന്ന കാഴ്ച്ചയും കാണാൻ സാധിച്ചു.
നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.