റാഫിഞ്ഞയുടെ ഇരട്ട ഗോളിൽ ബാഴ്സലോണയ്ക്ക് 4-3ന്റെ ജയം.
ബാഴ്സലോണയും സെൽറ്റാ വിഗോയും തമ്മിൽ നടന്ന ലാ ലിഗ മത്സരം അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ആണ് 4-3 എന്ന സ്കോറിന് ബാഴ്സലോണ ജയിച്ചത്. അവസാന നിമിഷങ്ങളിൽ റാഫിഞ്ഞ നേടിയ രണ്ട് ഗോളുകളാണ് ബാഴ്സലോണയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരം അവസാന അരമണിക്കൂറിലേക്ക് കടക്കുമ്പോൾ ബാഴ്സലോണ 3-1ന് പിന്നിലായിരുന്നു.

മത്സരത്തിന്റെ 12-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടി ആദ്യ ലീഡ് സമ്മാനിച്ചു. എന്നാൽ സെൽറ്റാ വിഗോ വളരെ വേഗം തിരിച്ചുവന്നു. ബാഴ്സലോണയുടെ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബോർഹ ഇഗ്ലേഷ്യസ് തകർപ്പൻ ഹാട്രിക് (15’, 52’, 62’) നേടി സെൽറ്റായെ 3-1ന് മുന്നിലെത്തിച്ചു. ഇത് ഹോം ഗ്രൗണ്ടിലെ കാണികളെ നിശ്ശബ്ദരാക്കി.
ബാഴ്സലോണയുടെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഉടൻ തന്നെ ലാമൈൻ യാമലിനെയും ഡാനി ഓൾമോയെയും കളത്തിലിറക്കി തന്ത്രപരമായ മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങൾ ഫലം കണ്ടു. 64-ാം മിനിറ്റിൽ ഓൾമോ ഒരു ഗോൾ മടക്കി. തുടർന്ന് 68-ാം മിനിറ്റിൽ യാമലിൻ്റെ മികച്ച ക്രോസിൽ നിന്ന് റാഫിഞ്ഞ ഹെഡ്ഡറിലൂടെ ഗോൾ നേടി ബാഴ്സലോണയെ ഒപ്പമെത്തിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നാടകീയമായ വഴിത്തിരിവുണ്ടായി. ബോക്സിനുള്ളിൽ നടന്ന ഒരു ഫൗളിന് വാർ ഇടപെട്ട് ബാഴ്സലോണയ്ക്ക് പെനാൽറ്റി അനുവദിച്ചു.
98-ാം മിനിറ്റിൽ റാഫിഞ്ഞ പന്ത് വലയിലെത്തിച്ച് ആവേശകരമായ വിജയം ബാഴ്സലോണയ്ക്ക് സമ്മാനിച്ചു.
ഈ വിജയത്തോടെ 2025ലെ ബാഴ്സലോണയുടെ ലാലിഗയിലെ അപരാജിത കുതിപ്പ് തുടരുകയാണ്. ഒന്നാം സ്ഥാനത്ത് 7 പോയിന്റ് ലീഡ് ഉണ്ട്.