അമേരിക്കയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ചു ബാഴ്‌സലോണ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ബാഴ്‌സലോണ ജയം കണ്ടത്. ഇടിമിന്നൽ ഭീക്ഷണി കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ബ്രസീലിയൻ താരം എൻഡ്രിക് റയലിന് ആയി കളിക്കാൻ ഇറങ്ങിയിരുന്നു. മത്സരത്തിൽ ആദ്യ പകുതിയിൽ 42 മത്തെ മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ പാസിൽ നിന്നു പൗ വിക്ടർ ആണ് ബാഴ്‌സക്ക് ആയി ആദ്യ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ അലക്‌സ് വെല്ലയുടെ പാസിൽ നിന്നു പൗ വിക്ടർ തന്നെ ബാഴ്‌സ മുൻതൂക്കം ഇരട്ടിയാക്കി. 82 മത്തെ മിനിറ്റിൽ ആർദ ഗുലറിന്റെ പാസിൽ നിന്നു നിക്കോ പാസ് ആണ് റയലിന് ആയി ആശ്വാസ ഗോൾ കണ്ടത്തിയത്.
അതേസമയം ഒഹിയോ സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ 4-2 നു തോൽപ്പിച്ചു. ഏർലിങ് ഹാളണ്ട് നേടിയ ഹാട്രിക് ആണ് സിറ്റിക്ക് വലിയ ജയം നൽകിയത്. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ലെവി കോൾവിൽ വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹാളണ്ട് ആദ്യ ഗോൾ നേടി. തുടർന്ന് തൊട്ടടുത്ത മിനിറ്റിൽ താരം രണ്ടാം ഗോളും കണ്ടത്തി. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ജെയിംസ് മകറ്റീ നൽകിയ പാസിൽ നിന്നു ഓസ്കാർ ബോബ് മൂന്നാം ഗോൾ നേടിയപ്പോൾ ജെയിംസ് തന്നെ നൽകിയ പാസിൽ നിന്നു തൊട്ടടുത്ത നിമിഷം ഹാളണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി സിറ്റിക്ക് നാലാം ഗോൾ സമ്മാനിച്ചു. തുടർന്ന് 59 മത്തെ മിനിറ്റിൽ നോനി മഡുയകെ നൽകിയ പാസിൽ നിന്നു റഹീം സ്റ്റെർലിങ് ചെൽസിക്ക് ആയി ഒരു ഗോൾ മടക്കി. പിന്നീട് 89 മത്തെ മിനിറ്റിൽ റോമിയോ ലാവിയയുടെ പാസിൽ നിന്നു നോനി മഡുയകെ ഒരു ഗോൾ കൂടി മടക്കിയപ്പോൾ ചെൽസി പരാജയഭാരം കുറക്കുക ആയിരുന്നു.