ജിദ്ദയിൽ നടന്ന മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയെ 2-0ന് തകർത്ത് ബാഴ്സലോണ തുടർച്ചയായ മൂന്നാം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലേക്ക് മുന്നേറി. ഗവിയുടെയും ലമിൻ യമലിൻ്റെയും ഗോളുകൾ ആണ് കാറ്റലോണിയൻ ടീമിനെ ജയിപ്പിച്ചത്.
പതിനേഴാം മിനിറ്റിൽ ബാൽഡെ നൽകിയ പാസ് മുതലാക്കി ഗവിയാണ് സ്കോറിങ് ആരംഭിച്ചത്. അത്‌ലറ്റിക് ഗോൾകീപ്പർ ഉനായ് സൈമണിനെ മറികടന്ന് യുവ മിഡ്ഫീൽഡർ പന്ത് അനായാസം ഫിനിഷ് ചെയ്തു. ലീഡ് വർധിപ്പിക്കാൻ അവസരമുണ്ടായിട്ടും റാഫിഞ്ഞയും യമാലും പ്രധാന അവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ ബാഴ്‌സലോണ സമ്മർദ്ദം നേരിട്ടു. വോയ്‌സിക് സ്‌സെസ്‌നി ബാഴ്‌സലോണയ്‌ക്കായി നിർണായക സേവുകൾ നടത്തി.
52-ാം മിനിറ്റിൽ ഗാവിയുടെ പാസ് വിദഗ്ധമായി നിയന്ത്രിച്ച് ലമിൻ യമാൽ ഫിനിഷ് ചെയ്ത് ബാഴ്‌സയുടെ ലീഡ് ഇരട്ടിയായി. ഇനാകി വില്യംസിന് ഒരു നിർണായക അവസരം നഷ്‌ടപ്പെടുത്തുകയും രണ്ട് ഗോളുകൾ ഓഫ്‌സൈഡ് വിധിക്കുകയും ചെയ്തത് ബിൽബാവോക്ക് തിരിച്ചടിയായി.
റയൽ മാഡ്രിഡും മല്ലോർക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയെ ആകും ഫൈനലിൽ ബാഴ്സലോണ നേരിടുക.