അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് 4-2ന്റെ ആവേശകരമായ തിരിച്ചുവരവ് വിജയം. രണ്ട് ഗോളിന് പിറകിൽ ആയിരുന്ന ബാഴ്സലോണ അവസാന ഘട്ടത്തിൽ 4 ഗോൾ അടിച്ച് സിമിയോണിയുടെ ടീമിനെ മറികടന്ന് ലാ ലിഗയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ജൂലിയൻ അൽവാരസും അലക്‌സാണ്ടർ സോർലോത്തും വല കണ്ടെത്തിയതോടെ അത്‌ലറ്റിക്കോ 2-0ന് മുന്നിൽ എത്തിയിരുന്നു. 72ആം മിനുറ്റ് വരെ ഈ ലീഡ് തുടർന്നു. എന്നാൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ഗോൾ ബാഴ്‌സലോണയുടെ കം ബാക്കിന് തിരികൊളുത്തി. 78അം മിനുറ്റിലെ ഫെറാൻ ടോറസ് ഗോളിലൂടെ അവർ സമനില പിടിച്ചു. 92, 98 മിനിറ്റുകളിൽ ലാമിൻ യമലും ടോറസും വീണ്ടും വല കണ്ടെത്തിയതോടെ ഹാൻസി ഫ്ലിക്കിൻ്റെ ടീമിന് നിർണായക വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ ബാഴ്‌സലോണ റയൽ മാഡ്രിഡിനൊപ്പം 60 പോയിൻ്റുമായി ഒന്നാം സ്ഥാനത്തേക്ക് നീങ്ങി. റയലിനെക്കാൾ ഒരു കളി കുറവാണ് ബാഴ്സലോണ കളിച്ചത്.