സാഫ് കപ്പിന്റെ നിർണായക മത്സരത്തിൽ മാൽദീവ്സിനെ വീഴ്ത്തി കൊണ്ട് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി ബംഗ്ലാദേശ്. ആദ്യം ഗോൾ വഴങ്ങിയ ശേഷം തിരിച്ചു വന്ന് എതിരാളികളുടെ വലയിൽ മൂന്ന് ഗോൾ നിക്ഷേപിച്ച ബംഗ്ലാദേശ്, ആദ്യ വിജയവും മൂന്ന് പോയിന്റും കരസ്ഥമാക്കി. ഇതോടെ ഇരു ടീമുകൾക്കും ഗ്രൂപ്പിലെ അവസാന മത്സരവും നിർണായകമായി.
മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ മുഴുവൻ ഊർജവും സംഭരിച്ച് കളിച്ച മാൽദീവ്സ് പതിനേഴാം മിനിറ്റിൽ തന്നെ ലീഡ് എടുത്തു. ഹംസ മുഹമ്മദ് ആണ് വല കുലുക്കിയത്. ബോക്സിന് പുറത്തു നിന്നും ഒന്നാന്തരമൊരു ഫിനിഷിങ്ങിലൂടെയാണ് ഗോൾ പിറന്നത്. ഇതോടെ ഉണർന്ന ബംഗ്ലാദേശ് പട സമനില ഗോളിനായി കോപ്പുകൂട്ടി. നാല്പതിരണ്ടാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽക്കായി വന്ന ക്രോസ് ടോപു ബർമൻ മറിച്ചു നൽകിയപ്പോൾ റാക്കിബ് വല കുലുക്കുകയായിരുന്നു.
ഇടവേളക്ക് ശേഷവും ബംഗ്ലേദേശ് ആക്രമണം തുടർന്നു. 67ആം മിനിറ്റിൽ അവർ ലീഡ് സ്വന്തമാക്കി. കോർണറിൽ നിന്നെത്തിയ ബോളിൽ ബോക്‌സിൽ കൂട്ടപ്പൊരിച്ചിലിനോടുവിൽ കാസി പന്ത് വലയിൽ എത്തിക്കുമ്പോൾ എതിർ കീപ്പർ സ്ഥാനം തെറ്റി നിൽക്കുകയായിരുന്നു. 90ആം മിനിറ്റിൽ പകരക്കാരനായി എത്തിയ ബംഗ്ലാ യുവപ്രതിഭ ഷേഖ് മോർസാലിൻ ബോക്സിനുള്ളിൽ നിന്നും വല കുലുക്കിയതോടെ പട്ടിക പൂർത്തിയായി. ഫിഫ റാങ്കിങ്ങിൽ ബംഗ്ലാദേശിന്റെ സ്ഥാനം 190 കഴിയുമെങ്കിൽ 152 ആണ് മാൽദീവ്സിന്റെ സ്ഥാനം. 2003ന് ശേഷം ആദ്യമായാണ് ടീം മാൽദീവ്സിനെതിരെ വിജയം കാണുന്നത്.