ക്ലബ്ബ് വിടുമെന്ന് ഉറപ്പായ ഗരേത് ബെയ്‌ൽ രക്ഷകനായപ്പോൾ റയൽ മാഡ്രിഡിന് ആഴ്സണലിനെതിരെ ജയം. 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ് സിദാന്റെ ടീം മത്സരം ഷൂട്ട് ഔട്ടിൽ എത്തിച്ചത്. ഇതിന് തുടക്കം കുറിച്ചതാകട്ടെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗരേത് ബെയ്‌ലും.
ഒൻപതാം മിനുട്ടിൽ പന്ത് കൈകൊണ്ട് തടുക്കാൻ ശ്രമിച്ചതിന് നാച്ചോയെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയും ആഴ്സണലിന് പെനാൽറ്റി അനുവദിക്കുകയും ചെയ്‌തു. കിക്കെടുത്ത ലകസേറ്റ് പിഴവൊന്നും ഇല്ലാതെയാണ് പന്ത് വലയിലാക്കിയത്. പിന്നീട് 24 ആം മിനുട്ടിൽ ഒബാമയാങ് ആഴ്സണലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ സിദാൻ ബെയ്‌ലിനെ കളത്തിൽ ഇറക്കി. 56 ആം മിനുട്ടിൽ ബോക്‌സിൽ നിന്ന് പന്ത് വലയിലാക്കി താരം റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിന് തുടക്കം കുറിച്ചു. 59 ആം മിനുട്ടിൽ മാർസെലോയുടെ പാസിൽ നിന്ന് അസെൻസിയോയും ഗോൾ നേടിയതോടെ റയൽ മത്സരത്തിൽ തിരിച്ചെത്തി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയലിന്റെ ആദ്യ കിക്കെടുത്ത ബെയ്‌ലിന് പിഴച്ചെങ്കിലും പിന്നീട് ആഴ്സണൽ കിക്കെടുത്ത ചാക്ക, മോൺറെയാൽ, ബർട്ടൻ എന്നിവർ കിക്ക് നഷ്ടപ്പെടുത്തിയതോടെ റയൽ ജയം ഉറപ്പാക്കി.