ഇന്ത്യൻ ഫുട്ബോളിന് അഭിമാനമായി മാറുന്ന ബാലാദേവി എ എഫ് സിയുടെ ഈ ആഴ്ചയിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ ഏറ്റവും മികച്ച താരത്തിനുള്ള ഈ ആഴ്ചത്തെ വോട്ടെടുപ്പിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം എത്തുക ആയിരുന്നു. ചരിത്രത്തിൽ പുതിയ അധ്യായം ചേർത്ത് കൊണ്ട് ബാലാ ദേവി കഴിഞ്ഞ ആഴ്ച സ്കോട്ട്ലൻഡ് ക്ലബായ റേഞ്ചേഴ്സിനായി ഗോൾ നേടിയിരുന്നു.
സ്കോട്ടിഷ് വനിതാ ലീഗിൽ മതർവെലിന് എതിരായ മത്സരത്തിലാണ് ഗോൾ നേടിയത്. റേഞ്ചേഴ്സിൽ എത്തിയ ശേഷമുള്ള ബാലാ ദേവിയുടെ ആദ്യ ഔദ്യോഗിക ഗോളായിരുന്നു ഇത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം യൂറോപ്പിലെ ഒരു ലീഗിൽ ചെന്ന് ഗോൾ അടിക്കുന്നത്. ഈ ഗോളും റേഞ്ചേഴ്സിനായി നടത്തുന്ന് പ്രകടനവുമാണ് ബാലാദേവിയെ ഈ ആഴ്ചയിലെ താരമാക്കിയത്. 50% വോട്ട് നേടി ആയിരുന്നു വിജയം. സ്പർസിന്റെ ഹ്യിങ് മിൻ സോൺ, ഇറാൻ താരം അസ്മൗൺ, ചെൽസി താരം സാം കെർ എന്നിവരെല്ലാം ബാലാ ദേവിക്ക് പിറകിലായി.
29കാരിയായ ബാലാ ദേവി റേഞ്ചേഴ്സിൽ കളിക്കുന്ന ആദ്യ ഏഷ്യൻ താരമാണ്. ഒന്നര വർഷത്തെ കരാർ ബാലാ ദേവിക്ക് റേഞ്ചേഴ്സിൽ ഉണ്ട്.