ഇറ്റാലിയൻ ക്ലബ്ബായ എഎസ് റോമയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ജമൈക്കൻ വിങ്ങർ ലിയോൺ ബെയ്ലി തന്റെ പഴയ ക്ലബ്ബായ ആസ്റ്റൺ വില്ലയിലേക്ക് മടങ്ങുന്നു. സീസൺ അവസാനം വരെയായിരുന്നു ലോൺ കാലാവധിയെങ്കിലും പരിക്കും മോശം ഫോമും കാരണം ഇരു ക്ലബ്ബുകളും ചേർന്ന് കരാർ നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വേനൽക്കാലത്ത് വലിയ പ്രതീക്ഷകളോടെ ഇറ്റലിയിലെത്തിയ 28-കാരനായ ബെയ്ലിക്ക് വെറും 11 മത്സരങ്ങളിൽ മാത്രമേ റോമയ്ക്കായി കളത്തിലിറങ്ങാൻ സാധിച്ചുള്ളൂ. പേശികൾക്കേറ്റ പരിക്കിനെത്തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയ്ക്ക് ബെയ്ലിയുടെ തിരിച്ചുവരവ് വലിയ ആശ്വാസമാണ്. 2021 മുതൽ ആസ്റ്റൺ വില്ലയ്ക്കായി 144 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 24 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ബെയ്ലി മടങ്ങുന്നതിന് പിന്നാലെ ഡച്ച് താരം ഡോണിയൽ മാലനെ റോമ ആസ്റ്റൺ വില്ലയിൽ നിന്ന് ടീമിലെത്തിച്ചിട്ടുണ്ട്. സ്വന്തം ക്ലബ്ബിലേക്ക് മടങ്ങുന്നതിലൂടെ പഴയ ഫോം വീണ്ടെടുക്കാനും വില്ലയുടെ യൂറോപ്യൻ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിക്കാനും ബെയ്ലിക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.









