മൊറോക്കോയിലെ അഗാദിറിൽ നടന്ന ആവേശകരമായ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഗ്രൂപ്പ് ബി മത്സരത്തിൽ ഈജിപ്തിന് ജയം . ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈജിപ്ത് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മുഹമ്മദ് സലായാണ് ഈജിപ്തിന്റെ വിജയശില്പിയായത്. പനേങ്ക ഷോട്ടിലൂടെ സലാ നേടിയ ഈ ഗോൾ മത്സരത്തിൽ നിർണ്ണായകമായി.

ആദ്യ പകുതിയിൽ തന്നെ മുഹമ്മദ് ഹാനി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്തുപേരുമായാണ് ഈജിപ്ത് മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയിൽ പത്തുപേരുള്ള ഈജിപ്തിനെതിരെ പന്തടക്കത്തിലും ആക്രമണത്തിലും ദക്ഷിണാഫ്രിക്ക ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മടക്കാൻ അവർക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന ഒരു ഹാൻഡ് ബോൾ അപ്പീൽ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടതും അവർക്ക് തിരിച്ചടിയായി.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്നും ആറ് പോയിന്റുമായി ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറി.









