എസ്റ്റാഡിയോ മെട്രോപൊളിറ്റാനോയിൽ ഗെറ്റാഫെയെ 1-0 ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് അടുത്തു. എല്ലാ മത്സരങ്ങളിലുമായുള്ള അത്ലറ്റിക്കോ മാഡ്രിഡിന്റെ തുടർച്ചയായ 11-ാം വിജയം ആണിത്. ഡീഗോ സിമിയോണിയുടെ ടീം അവരുടെ അപരാജിത പരമ്പര 26 മത്സരങ്ങളിലേക്ക് നീട്ടി. അവർ ഈ ജയത്തോടെ ലാലിഗയിൽ ഒന്നാമതുള്ള ബാഴ്‌സലോണയ്‌ക്കൊപ്പം പോയിൻ്റ് നിലയിൽ ഒപ്പം എത്തി.
ഇന്ന് അവരുടെ ആദ്യ പകുതിയിലെ പ്രകടനം മങ്ങിയതായിരുന്നു. ഇടവേളയ്ക്ക് മുമ്പ് ഗെറ്റാഫെയുടെ പ്രതിരോധം തകർക്കാൻ അവർ പാടുപെട്ടു. ഹാഫ്‌ടൈമിന് ശേഷം അലക്‌സാണ്ടർ സോർലോത്തിലൂടെ അവർ ലീഡെടുത്തു. 69-ാം മിനിറ്റിൽ ഏഞ്ചൽ കൊറിയയുടെ കൃത്യമായ ക്രോസിൽ നിന്നായിരുന്നു സോർലോത്തിന്റെ ഗോൾ.
ഗെറ്റാഫെയുടെ അവസാന 18 മത്സരങ്ങളിൽ നിന്ന് 11-ാം എവേ തോൽവി ആണിത്.