ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാർ ആയ ആസ്റ്റൺ വില്ലയെ ഗോൾ രഹിത സമനിലയിൽ തളച്ചു ക്രിസ്റ്റൽ പാലസ്. സ്വന്തം മൈതാനത്ത് വില്ലയെ തളച്ച പാലസ് ആണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത്. ഗോൾ കീപ്പർ എമി മാർട്ടനസിനെ രണ്ടാം പകുതിയിൽ പരിക്ക് കാരണം നഷ്ടമായ വില്ലക്ക് പാലസ് പ്രതിരോധം ഭേദിക്കാൻ ആയില്ല. നിലവിൽ 21 കളികളിൽ നിന്നു 43 പോയിന്റുകൾ ഉള്ള വില്ല മാഞ്ചസ്റ്റർ സിറ്റിക്ക് പോയിന്റ് നിലയിൽ ഒപ്പമാണ്. വില്ല മൂന്നാമത് നിൽക്കുമ്പോൾ 28 പോയിന്റുകൾ ഉള്ള പാലസ് 13 സ്ഥാനത്ത് ആണ്. അതേസമയം എല്ലാവരും എഴുതി തള്ളിയ സീസണിൽ ബ്രന്റ്ഫോർഡ് കുതിപ്പ് തുടരുകയാണ്.

സീസണിൽ മികവ് തുടരുന്ന സണ്ടർലാന്റിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ബ്രന്റ്ഫോർഡ് തോൽപ്പിച്ചത്. സീസണിൽ ഉഗ്രൻ ഫോമിലുള്ള ബ്രസീലിയൻ താരം ഇഗോർ തിയാഗോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ യാർമോലിയുക് ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. സീസണിൽ 16 മത്തെ ലീഗ് ഗോളാണ് ഇഗോർ തിയാഗോ ഇന്ന് നേടിയത്. രണ്ടാം പകുതിയിൽ 1-0 നിൽക്കുമ്പോൾ എൻസോ ലെ ഫെയുടെ പെനാൽട്ടി രക്ഷിച്ച കെല്ലഹറും ബ്രന്റ്ഫോർഡ് ജയത്തിൽ വലിയ പങ്ക് വഹിച്ചു. ജയത്തോടെ 33 പോയിന്റുകളും ആയി ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ബ്രന്റ്ഫോർഡ് ഉയർന്നു. അതേസമയം ലീഗിലെ അവസാന സ്ഥാനക്കാർ ആയ വോൾവ്സിനോട് എവർട്ടൺ 1-1 നു സമനില വഴങ്ങി. മൈക്കിൾ കീൻ, ജാക് ഗ്രീലീഷ് എന്നിവർ ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ എവർട്ടൺ ഒമ്പത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.









