ബ്രസീലിയൻ മിഡ്‌ഫീൽഡർ ഡഗ്ലസ് ലൂയിസിനെ ലോൺ അടിസ്ഥാനത്തിൽ തിരികെ എത്തിക്കാൻ ആസ്റ്റൺ വില്ല യുവന്റസുമായി ധാരണയിലെത്തി. ഈ സീസൺ അവസാനം വരെ നീളുന്ന ലോൺ കരാറിനൊപ്പം താരത്തെ സ്ഥിരമായി വാങ്ങാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ 2024 വരെ വില്ല പാർക്കിൽ തിളങ്ങിയ താരം, കഴിഞ്ഞ വേനൽക്കാലത്താണ് 50 മില്യൺ യൂറോയ്ക്ക് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറിയത്.
എന്നാൽ യുവന്റസിൽ കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം പിന്നീട് നോട്ടിംഗ്ഹാം ഫോറസ്റ്റിൽ ലോണിൽ കളിച്ചെങ്കിലും പരിക്കുകൾ കാരണം അവിടെയും വെറും എട്ട് മത്സരങ്ങളിൽ മാത്രമേ ആദ്യ ഇലവനിൽ ഇടംപിടിച്ചുള്ളൂ. ഈ സാഹചര്യത്തിലാണ് ഫോറസ്റ്റിലെ ലോൺ കാലാവധി നേരത്തെ അവസാനിപ്പിച്ച് താരം വില്ലയിലേക്ക് മടങ്ങുന്നത്.
ആസ്റ്റൺ വില്ലയെ അലട്ടുന്ന മിഡ്‌ഫീൽഡിലെ പ്രതിസന്ധിയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. പ്രമുഖ താരം ബൂബക്കർ കമാര പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായതും, ക്യാപ്റ്റൻ ജോൺ മക്ഗിൻ, യൂറി ടൈലമൻസ് എന്നിവർ പരിക്കിന്റെ പിടിയിലായതും ടീമിനെ തളർത്തിയിരുന്നു.









