ഏഷ്യൻ കപ്പിൽ ഉസ്ബക്കിസ്താനെതിരെ ഒമാന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉസ്ബക്കിസ്താൻ ജയിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഒമാന് തിരിച്ചടിയായത്. മത്സരത്തിന്റെ 92ആം മിനുട്ടിൽ ഇഗോർ ക്രിമെറ്റ്സ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ പത്തു പെരുമായാണ് ഉസ്ബക്കിസ്താൻ മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിന്റെ 34മത്തെ മിനുട്ടിൽ ഓടിൽ അഹമ്മദോവിന്റെ മനോഹരമായ ഒരു ഫ്രീ കിക്ക് ഗോളിലൂടെ ഉസ്ബക്കിസ്താനാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ ഉസ്ബക്കിസ്താൻ ഒരു ഗോളിന് മുൻപിലായിരുന്നു. എന്നാൽ മത്സരത്തിന്റെ 72ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ മുഹസെൻ അൽ ഗസ്സാനിയുടെ ഗോളിൽ ഒമാൻ സമനില പിടിച്ചു. അലി അൽ ബുസൈദിയുടെ മനോഹരമായ ത്രൂ ബോൾ പിടിച്ചെടുത്ത് അസാധ്യമായ ഒരു ആംഗിളിൽ നിന്നാണ് ഗസ്സാനി ഗോൾ നേടിയത്.
എന്നാൽ ഒമാന്റെ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ എൽഡോർ ഷോമുറോഡോവ് ഉസ്ബക്കിസ്താന് വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു.