എഎഫ്സി കപ്പ് രണ്ടാം മത്സരത്തിനിറങ്ങിയ ഒഡീഷ എഫ്സിക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ബഷുന്ധര കിങ്സുമായി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐഎസ്എൽ ക്ലബ്ബ് അടിയറവ് പറഞ്ഞത്. ജെറി, ഡീഗോ മൗറീസിയോ എന്നിവരാണ് ഒഡീഷക്ക് വേണ്ടി വല കുലുക്കിയത്. ഗ്രൂപ്പിലെ അവരുടെ രണ്ടാം മത്സരം ആയിരുന്നു ഇത്. നേരത്തെ മോഹൻ ബഗാനുമായും തോൽവി നേരിട്ടിരുന്നു. ബംഗ്ലാ ക്ലബ്ബ് ആയ ബഷുന്ധരക്ക് ആവട്ടെ, തങ്ങളുടെ ആദ്യ വിജയവും കുറിക്കാൻ ആയി. ഗ്രൂപ്പിൽ നിലവിൽ പോയിന്റ് ഒന്നും കണ്ടെത്താതെ അവസാന സ്ഥാനത്താണ് ഒഡീഷ.
ഒഡീഷ ആയിരുന്നു മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. 19ആം മിനിറ്റിൽ തന്നെ ജെറിയുടെ പാസിൽ നിന്നും ഡീഗോ മൗറീസിയോ ലക്ഷ്യം കണ്ടു. 39ആം മിനിറ്റിൽ റോബ്സന്റെ പാസിൽ ഹെഡർ ഉതിർത്ത് കൊണ്ട് മിഗ്വെൽ ഫെരെര സ്കോർ നില തുല്യമാക്കി. ഇടവേളക്ക് തൊട്ടു മുൻപ് റാക്കിബിന്റെ പാസിൽ പറന്ന് ഹെഡർ ഉതിർത്ത് കൊണ്ട് ഡോറിൾട്ടൻ നസിമേന്റോ ബഷുന്ധര കിങ്സിനെ ആദ്യമായി മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഇതോടെ പ്രതിരോധാത്മകമായി തുടങ്ങി മത്സരത്തിൽ നേടിയെടുത്ത മുൻതൂക്കം ഒഡീഷ കളഞ്ഞു കുളിച്ചു.
രണ്ടാം പകുതി തുടങ്ങി അധികം വൈകും മുൻപ് ബംഗ്ലാ ക്ലബ്ബ് വീണ്ടും വല കുലുക്കി. 55ആം മിനിറ്റിൽ നാസിമെന്റോ ഒരിക്കൽ കൂടി വല കുലുക്കുകയായിരുന്നു. റോബ്സൻ തന്നെ ഈ ഗോളിനും ചരട് വലിച്ചു. അഹ്മദ് ജാഹോയുടെ ഫ്രീകിക്കിൽ റോയ് കൃഷ്ണയുടെ ഹെഡർ പോസ്റ്റിലിടിച്ചു മടങ്ങി. 66ആം മിനിറ്റിൽ ജെറിയിലൂടെ ഗോൾ കണ്ടെത്തിയ ഒഡീഷ, മത്സരത്തിൽ പ്രതീക്ഷകൾ നിലനിർത്തി. വീണ്ടും ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ മാത്രം ആയില്ല.ഇതോടെ ഒഡീഷ മറ്റൊരു തോൽവി കൂടി വഴങ്ങി.