ഇറാഖിന് തിരിച്ചുവരവുകൾ വലിയ കാര്യമല്ല. വലിയ യുദ്ധങ്ങളിൽ നിന്ന് തിരിച്ചുവന്നിട്ടുണ്ട് പിന്നെയാണ് ഫുട്ബോൾ. ഇന്ന് ഏഷ്യൻ കപ്പിൽ വിയറ്റ്നാമിനെതിരെ രണ്ട് തവണയാണ് ഇറാഖ് പിറകിൽ പോയത്. എന്നിട്ടും പൊരുതി കയറി ഇറാഖ് ജയിച്ചു. അത്ര മികച്ച പ്രകടനമല്ല എങ്കിലും ഈ വിജയം ഇറാക്കിന് വലിയ പ്രതീക്ഷകൾ നൽകും. വൈരികളായ ഇറാനെ ഗ്രൂപ് ഘട്ടത്തിൽ തന്നെ ഇറാഖിന് നേരിടാനുണ്ട്.
ഇന്ന് ഒരു സെൽഫ് ഗോൾ തുടക്കത്തിൽ തന്നെ വിയറ്റ്നാമിന് ലീഡ് നൽകി. വിയറ്റ്നാമായിരുന്നു കളി മികച്ച രീതിയിൽ തുടങ്ങിയതും. കളിയുടെ 35ആം മിനുട്ടിൽ വിയറ്റ്നാം ഡിഫൻഡറുടെ ഒരു ഫസ്റ്റ് ടച്ച് പിഴച്ചപ്പോൾ അത് മുതലെടുത്ത് മികച്ച ഫീറ്റിന് ശേഷം അലി തൊടുത്ത ഷോട്ട് ഇറാഖിന് സമനില നൽകി. ആ സമനിലക്ക് ഏഴു മിനുട്ടെ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. കോങ് ഫുവോങ്ങിലൂടെ വിയറ്റ്നാം വീണ്ടും മുന്നിൽ എത്തി.
രണ്ടാം പകുതിയിൽ ഒരു സബ്സ്റ്റിട്യൂഷനാണ് ഇറാഖിനെ രക്ഷിച്ചത്. സബ്ബായി എത്തിയ ഹുമാം താരിഖ് അറുപതാം മിനുട്ടിൽ ലക്ഷ്യം കണ്ടു. സ്കോർ 2-2. പിന്നെ വിജയഗോളിനായുള്ള കാത്തിരിപ്പായിരുന്നു. അപ്പോൾ 90ആം മിനുട്ടിൽ ഒരു ഫ്രീകിക്ക് കിട്ടി. അതുവരെ കളിയിൽ കാര്യമായി ഒന്നും ചെയ്തിട്ടില്ലായിരുന്ന അലി അദ്നാൻ ആ ഫ്രീകിക്ക് മനോഹരമായ രീതിയിൽ വലയിലേക്ക് എത്തിച്ചു. സ്കോർ 3-2.