എഎഫ്സി കപ്പിൽ ആദ്യ ജയം കുറിച്ച് ഒഡീഷ എഫ്സി. ഇന്ന് നടന്ന മത്സരത്തിൽ മാൽദീവ്സ് ടീം മാസിയയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഐഎസ്എൽ ക്ലബ്ബ് കീഴടക്കിയത്. ഇതോടെ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനും അവർക്കായി. രണ്ടിൽ രണ്ടു വിജയവുമായി മോഹൻ ബഗാൻ ആണ് ഗ്രൂപ്പിൽ ഒന്നാമത്. വമ്പൻ ജയം ഗോൾ വ്യത്യസത്തിലും കാര്യമായ നേട്ടം കുറിക്കാൻ ഒഡീഷയെ സഹായിച്ചു. ഇന്ന് കുറിച്ച ആറു ഗോളുകളും ആറു വ്യത്യസ്ത താരങ്ങൾ ആണ് നേടിയത് എന്ന പ്രത്യേകതയും ഉണ്ട്.
ഒഡീഷയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ മൗറീസിയോ എതിർ ഗോളിയെ പരീക്ഷിച്ചു. മൂന്നാം മിനിറ്റിൽ ഒഡീഷ ലീഡ് എടുത്തു. കോർണറിൽ നിന്നെത്തിയ ബോളിൽ പുടിയ ആണ് വല കുലുക്കിയത്. 12ആം മിനിറ്റിൽ തന്നെ മാസിയ മറ്റൊരു കോർണറിൽ നിന്നും സമനില ഗോളും കണ്ടെത്തി. ജോസിച്ച് ആണ് വല കുലുക്കിയത്. എന്നാൽ വെറും മൂന്ന് മിനിറ്റിനു ശേഷം ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. മൈതാന മധ്യത്തിന് അടുത്തു നിന്നായി അഹ്മദ് ജാഹു ഉയർത്തി നൽകിയ മികച്ചൊരു ഫ്രീകിക്കിൽ അതിമനോഹരമായ ഒരു ഹെഡർ ഉതിർത്ത് കാർലോസ് ഡെൽഗാഡോയാണ് വല കുലുക്കിയത്. 19ആം മിനിറ്റിൽ ഡെൽഗാഡോ ബോക്സിനുള്ളിൽ ഉയർത്തി നൽകിയ പന്തിൽ ഹെഡർ ഉതിർത്ത് മുർത്തദ ഫാൾ ഗോൾ കണ്ടെത്തുയത്തിയതോടെ മത്സരം ഒഡീഷയുടെ വഴിക്കെന്ന് ഉറപ്പിച്ചു. തുടക്കത്തിൽ 20 മിനിറ്റിൽ നാലു ഗോളുകൾ പിറന്നെങ്കിലും ആദ്യ പകുതിയിൽ പിന്നീട് സ്കോർ ചലിച്ചില്ല.
രണ്ടാം പകുതിയിലും ഒഡീഷ ആധിപത്യം തുടർന്നു. 58ആം മിനിറ്റിൽ അമേയ് റനവാഡേ ടീമിന്റെ നാലാം ഗോൾ കുറിച്ചു. നാല് മിനിറ്റിനു ശേഷം ഐസക്കും സ്കോർ ഷീറ്റിൽ ഇടം പിടിച്ചു. പിന്നീട് പന്ത് നിയന്ത്രണത്തിലാക്കി മത്സര ഗതി നിയന്ത്രണത്തിൽ വെക്കാനാണ് പലപ്പോഴും ഒഡീഷ ശ്രമിച്ചത്. ഐസക്, അമേയ് തുടങ്ങിവരെ കോച്ച് തിരിച്ചു വിളിക്കുകയും ചെയ്തു. പകരക്കാരനായി എത്തിയ സാഹിൽ ഇഞ്ചുറി ടൈമിൽ പട്ടിക പൂർത്തിയാക്കി. കൗണ്ടർ നീക്കത്തിലൂടെ എത്തിയ പന്തുമായി ബോക്സിനുളിൽ കയറിയ താരം അനായാസം കീപ്പറേയും മറികടന്നു ലക്ഷ്യം കണ്ടു. ഇതോടെ ഒഡീഷ, ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചു.