ആസ്റ്റൺ വില്ലയ്ക്കു വേണ്ടി മാർക്കോ അസെൻസിയോ നേടിയ ആദ്യ ഗോളുകൾ വില്ല പാർക്കിൽ ചെൽസിക്കെതിരെ 2-1 എന്ന ആവേശകരമായ വിജയം അവർക്ക് നേടിക്കൊടുത്തു. എൻസോ ഫെർണാണ്ടസ് ചെൽസിക്ക് തുടക്കത്തിൽ തന്നെ ലീഡ് നൽകി, എന്നാൽ പാരീസ് സെന്റ്-ജെർമെയ്നിൽ നിന്ന് ലോണിൽ എത്തിയ അസെൻസിയോ, രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി വില്ലക്ക് ജയം നൽകുക ആയിരുന്നു.

രണ്ട് ഗോളുകളും മറ്റൊരു ലോൺ പ്ലയർ ആയ റാഷ്ഫോർഡ് ആണ് അസിസ്റ്റ് ചെയ്തത്. 89-ാം മിനിറ്റിലെ അസെൻസിയോ ഷോട്ട് ചെൽസി ഗോൾകീപ്പർ ഫിലിപ്പ് ജോർഗെൻസന്റെ കൈകളിലൂടെ വഴുതിപ്പോയാണ് വിജയ ഗോളായി മാറിയത്.
അഞ്ച് മത്സരങ്ങളിൽ ചെൽസിയുടെ നാലാമത്തെ തോൽവി ആണ് ഇത്. അവർ ഇപ്പോൾ ആറാം സ്ഥാനത്താണ് ഉള്ളത്. വില്ല, ചെൽസിക്ക് ഒരു പോയിന്റ് മാത്രം പിന്നിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.