പ്രീ സീസണിലെ തങ്ങളുടെ അവസാന മത്സരമായ എമിറേറ്റ്‌സ് കപ്പിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ എ.എസ് മൊണാകോയെ മറികടന്നു ആഴ്‌സണൽ. സ്വന്തം മൈതാനത്ത് വർഷങ്ങളായി നടക്കുന്ന എമിറേറ്റ്‌സ് കപ്പിന് മുമ്പ് ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെങർക്ക് ആദരവ് അർപ്പിച്ചു ആണ് ഇരു ടീമുകളും തുടങ്ങിയത്. മത്സരത്തിന് ഇറങ്ങുമ്പോഴും ഇടക്കും നിരവധി മാറ്റങ്ങൾ ആണ് ടീമിൽ മിഖേൽ ആർട്ടെറ്റ വരുത്തിയത്.
റൈസ്, ടിംബർ എന്നിവരുടെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ അരങ്ങേറ്റം കൂടിയായി ഇത്. സാകക്ക് ആർട്ടെറ്റ വിശ്രമം നൽകി. നന്നായി ആണ് ഇരു ടീമുകളും കളിച്ചത്. ഗബ്രിയേൽ ജീസുസ് ഇല്ലാതെ ഇറങ്ങിയ ആഴ്‌സണലിന് ആയി എഡി എങ്കെതിയ ആണ് മുന്നേറ്റത്തെ നയിച്ചത്. ഇടക്ക് റൈസിന്റെ മികച്ച ഷോട്ട് മൊണാകോ ഗിൽ കീപ്പർ രക്ഷിച്ചു. 31 മത്തെ മിനിറ്റിൽ മുഹമ്മദ് കാമറയുടെ പാസിൽ നിന്നു യൂസഫ് ഫൊഫാന മൊണാകോയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. എന്നാൽ 43 മത്തെ മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ കോർണറിൽ നിന്നു മികച്ച ഗോളിലൂടെ എഡി ആഴ്‌സണലിന് സമനില നൽകി.
രണ്ടാം പകുതിയിൽ നിരവധി മാറ്റങ്ങൾ ആണ് ആർട്ടെറ്റ വരുത്തിയത്. മത്സരത്തിൽ തുടർന്ന് അവസരങ്ങൾ ഉണ്ടാക്കാൻ ഇരു ടീമുകൾക്കും ആയെങ്കിലും ഗോൾ മാത്രം പിറന്നില്ല. തുടർന്ന് 90 മിനിറ്റുകൾക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ആഴ്‌സണൽ ജയം കണ്ടത്. ആഴ്‌സണലിന് ആയി പെനാൽട്ടി എടുത്ത ഒഡഗാർഡ്, ജോർജീന്യോ, ഹാവർട്സ്, ഫാബിയോ വിയേര, ഗബ്രിയേൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മിനമിനോയുടെ പെനാൽട്ടി റാംസ്ഡേൽ രക്ഷിക്കുക ആയിരുന്നു. വരുന്ന ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കമ്യൂണിറ്റി ഷീൽഡിൽ ആണ് ആഴ്‌സണലിന്റെ അടുത്ത മത്സരം.