റയൽ മാഡ്രിഡിനെതിരായ ആഴ്സണലിൻ്റെ 3-0 ൻ്റെ വലിയ വിജയം അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗിന് കുറഞ്ഞത് അഞ്ച് സ്ഥാനങ്ങൾ ലഭിക്കും എന്ന് ഉറപ്പാക്കി.
യൂറോപ്പിലെ ക്ലബ്ബുകളുടെ മികച്ച പ്രകടനത്തിന് യുവേഫ അധിക സ്ഥാനങ്ങൾ ഈ സീസൺ മുതൽ നൽകുന്നുണ്ട്.

യൂറോപ്യൻ മത്സരങ്ങളിൽ ഇംഗ്ലീഷ് ക്ലബ്ബുകളിൽ ആരെങ്കിലും ഒരു വിജയം കൂടി നേടിയാൽ അധിക സ്ഥാനം ഉറപ്പിക്കാമായിരുന്നു – ആഴ്സണലിൻ്റെ ഇന്നലത്തെ വിജയം അത് സാധ്യമാക്കി.
ഇതിനർത്ഥം പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമിന് പോലും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാകും എന്നാണ്.
ഇംഗ്ലണ്ടിന് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ ഏഴ് ടീമുകൾ വരെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ആസ്റ്റൺ വില്ല ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് വിജയിക്കുകയും ലീഗിലൂടെ യോഗ്യത നേടാതിരിക്കുകയും ചെയ്താൽ ഒരു സ്ഥാനം കൂടെ അധികമാകും. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡോ ടോട്ടൻഹാമോ യൂറോപ്പ ലീഗ് വിജയിച്ചാൽ വിജയിക്കുന്നവരും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടും.
ലിവർപൂളും ആഴ്സണലും ഇതിനോടകം ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടുണ്ട്. നോട്ടിംഗ്ഹാം ഫോറസ്റ്റ് നിലവിൽ മൂന്നാം സ്ഥാനത്താണ്. അവർക്ക് പിന്നിൽ ചെൽസി, ന്യൂകാസിൽ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല, ബ്രൈറ്റൺ, ബേൺമൗത്ത് എന്നീ ടീമുകളെല്ലാം ശേഷിക്കുന്ന സ്ഥാനങ്ങൾക്കായി പോരാടുകയാണ്.