ആഴ്സണൽ തകർപ്പൻ പ്രകടനത്തോടെ ഒളിമ്പിക് ലിയോണിനെ അട്ടിമറിച്ച് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ഫ്രാൻസിൽ ഞായറാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ ആഴ്സണൽ ലിയോണിനെ 4-1ന് തോൽപ്പിച്ചു. ആദ്യ പാദത്തിൽ 2-1ന് പിന്നിലായിരുന്ന അവർ 5-3 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തി.
മത്സരത്തിന്റെ തുടക്കത്തിൽ ലിയോണിന്റെ ഗോൾകീപ്പർ ക്രിസ്റ്റ്യൻ എൻഡ്‌ലറുടെ ഒരു സെൽഫ് ഗോൾ ആഴ്സണലിന് മികച്ച തുടക്കം നൽകി. ഇത് അഗ്രഗേറ്റ് സ്കോർ തുല്യമാക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പാനിഷ് താരം മരിയോണ കാൽഡെൻ്റി ബോക്സിന് പുറത്തുനിന്ന് ഒരു മികച്ച ഗോൾ നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. ഇതോടെ അവർക്ക് 2-0 ലീഡും അഗ്രിഗേറ്റിൽ മുൻതൂക്കവും ലഭിച്ചു.
രണ്ടാം പകുതി തുടങ്ങി 27 സെക്കൻഡിനുള്ളിൽ അലെസിയ റൂസോ ഗോൾ നേടിയതോടെ ആഴ്സണൽ തങ്ങളുടെ ആധിപത്യം വർദ്ധിപ്പിച്ചു. പ്രതിരോധത്തിലെ ഒരു പിഴവ് മുതലെടുത്ത് കെയ്റ്റ്‌ലിൻ ഫോർഡ് ഗണ്ണേഴ്സിനായി നാലാം ഗോളും നേടി. ആദ്യ പാദത്തിൽ ലിയോണിന് വിജയ ഗോൾ നേടിയ മെൽചി ഡുമോർനയ് ഒരു ഗോൾ മടക്കിയെങ്കിലും അത് ഫ്രഞ്ച് ടീമിന് ആശ്വാസം മാത്രമായി.
ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ മെയ് 24ന് ലിസ്ബണിൽ നടക്കുന്ന ഫൈനലിൽ ബാഴ്സലോണയെ നേരിടും. ബാഴ്സലോണ നേരത്തെ രണ്ടാം പാദത്തിൽ ചെൽസിയെ 4-1ന് തോൽപ്പിച്ച് 8-2 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തിയിരുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. അന്ന് യുവേഫ വനിതാ കപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെന്റിൽ അവർ കിരീടം നേടിയിരുന്നു.