ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അമോറിമിന് കീഴിലെ ആദ്യ പരാജയം. ഇന്ന് എമിറേറ്റ്സിൽ വെച്ച് ആഴ്സണലിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 2 ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആഴ്സണൽ കോർണറുകളിൽ നിന്നാണ് അവരുടെ രണ്ട് ഗോളുകളും നേടിയത്.
ഇന്ന് ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ പന്ത് കൈവശം വെച്ചു കളിച്ചു എങ്കിലും ഒരു അവസരം പോലും സൃഷ്ടിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ആദ്യ പകുതിയിൽ ആഴ്സണലിനും അവരുടെ സ്ഥിരം അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ ആയില്ല.
രണ്ടാം പകുതിയിൽ ആഴ്സണൽ ശക്തിയാർജിച്ചു. അവർ നല്ല നീക്കങ്ങൾ നടത്താൻ തുടങ്ങി. 54ആം മിനുട്ടിൽ ഒരു കോർണറിലൂടെ ആഴ്സണൽ വല കണ്ടെത്തി. ഡക്ലൻ റൈസ് എടുത്ത കോർണർ ടിംബർ ആണ് വലയിൽ എത്തിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം അറ്റാക്കിംഗ് മാറ്റങ്ങൾ വരുത്തി എങ്കിലും അവർക്ക് ആഴ്സണലിനെ കാര്യമായി പരീക്ഷിക്കാൻ ആയില്ല. 73ആം മിനുട്ടിൽ മറ്റൊരു കോർണറിൽ സലിബ ആഴ്സണലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.
ഈ വിജയത്തോടെ ആഴ്സണൽ 28 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 19 പോയിന്റുമായി 11ആം സ്ഥാനത്തും നിൽക്കുന്നു.