കൊണ്ടോട്ടി: ഫുട്ബോൾ താരങ്ങളാകാൻ അതിയായി ആഗ്രഹിക്കുന്ന സമൂഹത്തിലെ നിർദ്ധനരും സാധാരണക്കാരുമായ കുട്ടികൾക്കും യുവാക്കൾക്കും സൗജന്യ ഫുട്ബാൾ പരിശീലനം നൽകി വരുന്ന അരിമ്പ്രയിലെ മിഷൻ സോക്കർ അക്കാദമിയ്ക്കും ഒളവട്ടൂർ ഗ്രാമത്തിനും വലിയ സന്തോഷത്തിന് വക നൽകിക്കൊണ്ട് അലി സഫ്വാൻ എന്ന ഇരുപത്തി രണ്ടുകാരൻ ഈ വർഷത്തെ തമിഴ്നാട് സ്റ്റേറ്റ് സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിൽ ഇടം നേടിയ ഏക മലയാളിയായി മാറി. നവംബർ നാലിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന സന്തോഷ് ട്രോഫിയിൽ കേരളവും ആന്ധ്രപ്രദേശം ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് അലിസഫ്വാൻ തമിഴ്നാടിന് വേണ്ടി ലെഫ്റ്റ് വിങ്ങ് ബാക്ക് സ്ഥാനത്ത് ഗ്രൗണ്ടിലിറങ്ങുന്നത്.
തഞ്ചാവൂരിൽ ഒരു മാസം നീണ്ടു നിന്ന പരിശീലന ക്യാമ്പിനൊടുവിൽ ഇന്നലെയാണ് ടീം പ്രഖ്യാപിച്ചത്.കോയമ്പത്തൂർ നെഹ്റു കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനും എം.ബി.എ വിദ്യാർത്ഥിയുമാണ് നിരവധി അലി സഫ്വാൻ.ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരപദവിയിലെത്തിയ അനസ് എടത്തൊടിക, റയിൽവേ ഗോൾകീപ്പർ സി. ജസീർ മുഹമ്മദ്,തുടങ്ങി നിരവധി യുവതാരങ്ങളുടെ ഫുട്ബോൾ ഗുരുവായിട്ടുള്ള അരിമ്പ്രയിലെ സി.ടി അജ്മലിന്റെ കീഴിൽ മിഷൻ സോക്കർ അക്കാദമിയിലാണ് അലിയുടെയും പരിശീലനം.
ഒളവട്ടൂർ യതീംഖാന ഹയർ സെക്കന്ററി സ്കൂളിലും, ഒളവട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലുമായി സ്കൂൾ പഠനം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് മുമ്പാണ് പരിശീലകനായ സി.ടി അജ്മലിന്റെ വ്യക്തമായ മാർഗ്ഗ നിർദ്ദേശ പ്രകാരം അലി കോയമ്പത്തൂർ നെഹ്റു കോളേജിൽ ബി.ബി.എക്ക് ചേർന്നത് സ്കൂൾ പoന കാലത്തും തുടർന്നും അലിയുടെ സ്ഥിരം ഫുട്ബോൾ കളരി അരിമ്പ്രയിലെ മിഷൻ സോക്കർ അക്കാദമിയാണ് അലി സഫ്വാൻ കഴിഞ്ഞ വർഷം കേരളാ സ്‌റ്റേറ്റ് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീമിന്റെ ലെഫ്റ്റ് വിങ് ബാക്കായിരുന്നു.
ഏറനാട് ഫൈറ്റേഴ്സ് എഫ്.സി, കണ്ണൂർ ലക്കി സ്റ്റാർ, മഞ്ചേരി എവർഗ്രീൻ സ്പോർട്സ് ക്ലബ്ബ് എന്നീ ടീമുകളിലൂടെയാണ് അലി സഫ്വാൻ അസോസിയേഷൻ ഫുട്ബോളിൽ തന്റെ വരവറിയിച്ചത്. ഒളവട്ടൂർ മങ്ങാട്ടു മുറിയിലെ എം.എം.അലവിക്കുട്ടി റുബീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തവനാണ് അലി. നവംബർ ഏഴിന് തമിഴ്നാട് ടീം ആന്ധ്രപ്രദേശുമായും ഒമ്പതിന് ആതിഥേയരായ കേരളവുമായും മത്സരിയ്ക്കും.