ലോകകപ്പ് ജേതാക്കളായ അർജന്റീനയ്ക്ക് സ്വന്തം നാട്ടിൽ അത്ഭുത വരവേൽപ്പ്. ഇന്ന് ബൂണൊസ് ഐരസിൽ നടന്ന ടീമിന്റെ തുറന്ന ബസ്സിലെ ട്രോഫി പര്യടനം കാണാൻ തടിച്ചു കൂടിയത് ദശലക്ഷകണക്കിന് ആളുകൾ. ബസ് പോയ വഴിയിൽ ഒന്നും കാലു കുത്താനുള്ള സ്ഥലം പോലും ബാക്കി ഉണ്ടായിരുന്നില്ല. ലയണൽ മെസ്സി അടക്കം താരങ്ങൾ എല്ലാം ബസ്സിന് മുകളിൽ കിരീടവുമായി ആരാധകരെ അഭിവാദ്യം ചെയ്തു.
ചില ആരാധകർ ഓവർ ബ്രിഡ്ജുകളിൽ നിന്ന് കളിക്കാർ സഞ്ചരിച്ച ബസ്സിലേക്ക് എടുത്ത് ചാടിയത് ചെറിയ ആശങ്കകൾ ഉണ്ടാക്കി. മെസ്സിയടക്കം നാലോളം താരങ്ങൾ ഒരു അപകടത്തിന് അടുത്ത് എത്തിയതും ആശങ്ക ഉയർത്തി.
ക്യാപ്റ്റൻ ലയണൽ മെസ്സിയും ടീമും സ്വന്തം നാട്ടിൽ ഇന്നലെ പുലർച്ചെ ആയിരുന്നു എത്തിയർഹ്. ഖത്തറിൽ നിന്നുള്ള അർജന്റീനയുടെ വിമാനം ചൊവ്വാഴ്ച പുലർച്ചെ 2:40 ന് (0540 GMT) ബ്യൂണസ് ഐറിസിലെ എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് എത്തിയത്.
ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച അർജന്റീന അവരുടെ മൂന്നാം ലോകകപ്പ് ആണ് ഉയർത്തിയത്. അർജന്റീനയിൽ ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു.