ലയണൽ മെസ്സിയും അർജന്റീനയും ലോക കിരീടം സ്വന്തമാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ഡിസംബർ 18ന് ലോകം ആ സുവർണ്ണ നിമിഷങ്ങൾ ആസ്വദിക്കുകകായിരിന്നു. 1986നു ശേഷം അർജന്റീനയുടെ ആദ്യ ലോകകപ്പ് കിരീടം എന്ന സ്വപ്ന നിമിഷം. മെസ്സിയുടെ കരിയറിലെ ആദ്യ ലോകകപ്പ് എന്ന സ്വപ്നം. എല്ലാം ഖത്തറിൽ പൂവണിഞ്ഞ രാത്രി.
ഖത്തർ ലോകകപ്പ് ഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ആയിരുന്നു അർജന്റീന കിരീടം സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി മെസ്സി തന്നെയാണ് ഫൈനലിൽ അർജന്റീനയുടെ ഹീറോ ആയത്. ഒപ്പം വൻ സേവുകളുമായി എമി മാർട്ടിനസും. മെസ്സിയുടെ ഇരട്ട ഗോളിന് എംബപ്പെയുടെ ഹാട്രിക്ക് കൊണ്ടുള്ള മറുപടിയും അന്ന് കണ്ടു. അത്ര ആവേശകരമായിരുന്നു ആ ഫൈനൽ. അങ്ങനെ ഒരു ലോകകപ്പ് ഫൈനൽ ഇനി കാണുമോ എന്ന് തന്നെ സംശയമാണ്.
ലുസൈൽ സ്റ്റേഡിയത്തിൽ അന്ന് നന്നായി തുടങ്ങിയത് അർജന്റീന ആയിരുന്നു. അവർ തുടക്കം മുതൽ പന്ത് കൈവശം വെച്ചാണ് കളിച്ചത്. നല്ല നീക്കങ്ങളും നടത്തി. എന്നാൽ ലോരിസിനെ പരീക്ഷിക്കാൻ ഉള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. പക്ഷെ 21ആം മിനുട്ടിൽ ഒരു പെനാൾട്ടി അർജന്റീനയുടെ രക്ഷയ്ക്ക് എത്തി.
ഡി മറിയയെ ഡെംബലെ വീഴ്ത്തിയതിന് റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി എടുക്കാൻ എത്തിയത് സാക്ഷാൽ മെസ്സി. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അർജന്റീനയേ അടുപ്പിച്ച് കൊണ്ട് മെസ്സി ഗോൾ നേടി. സ്കോർ 1-0.
ഫ്രാൻസ് ഈ ഗോൾ വന്നിട്ടും ഉണർന്നില്ല. 36ആം മിനുട്ടിൽ അർജന്റീന ലീഡ് ഇരട്ടിയാക്കി. ഒരു കൗണ്ടറിൽ നിന്ന് മെസ്സി തുടങ്ങിയ അറ്റാക്ക് മകാലിസ്റ്ററിൽ എത്തി. മകാലിസ്റ്റർ ഗോൾ മുഖത്ത് വെച്ച് ഡി മരിയക്ക് പാസ് നൽകി. ഗോളുമായി ഡി മരിയ അർജന്റീനയെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.
ഇതിനു ശേഷം ദെഷാംസ് രണ്ട് മാറ്റങ്ങൾ ഫ്രാൻസ് ടീമിൽ വരുത്തി. ജിറൂദും ഡെംബലെയും പുറത്ത് പോയി തുറാമും മുവാനിയും കളത്തിലേക്ക് എത്തി. എങ്കിലും ആദ്യ പകുതിയിൽ ഒരു തിരിച്ചുവരവ് നടത്താൻ ഫ്രാൻസിന് ആയില്ല.
രണ്ടാം പകുതിയിലും ഫ്രാൻസ് നിരവധി മാറ്റങ്ങൾ നടത്തി. പക്ഷെ ഒരു മാറ്റവും അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കാൻ പോവുന്നത് ആയിരുന്നില്ല. ഫ്രാൻസിന് നല്ല ഒരു അവസരം പോലും നൽകാതെ പിടിച്ചു നിൽക്കാൻ അർജന്റീനക്കായി. പക്ഷെ 80ആം മിനുട്ടിൽ അർജന്റീന സമ്മാനിച്ച പെനാൾട്ടി ഫ്രാൻസിന് ആശ്വാസം നൽകി. ഒറ്റമെൻഡി മുവാനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി എംബപ്പെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.
പിന്നെ ആവേശകരമായ അവസാന പത്തു മിനുട്ടുകൾ. അർജന്റീന ഡിഫൻസ് ശക്തമാക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ വക രണ്ടാം ഗോൾ. തുറാമിന്റെ പാസിൽ നിന്ന് എംബപ്പെയുടെ അപാര ഫിനിഷ്. 2-2. ഈ ലോകകപ്പിലെ എംബപ്പെയുടെ എഴാം ഗോൾ.
ഇതിനു ശേഷം ഫ്രാൻസ് നിരന്തരം അർജന്റീനയെ സമ്മർദ്ദത്തിൽ ആക്കി. റാബിയോ കളിയുടെ ഇഞ്ച്വറി ടൈമിൽ വിജയ ഗോളിന് അടുത്ത് എത്തി എങ്കിലും മൂന്നാം ഗോൾ വന്നില്ല. 97ആം മിനുട്ടിൽ മെസ്സിയുടെ ഒരു സ്ക്രീമർ ലോരിസ് തടഞ്ഞത് ഫ്രാൻസിന് രക്ഷയായി.
അവസാനം കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ അവസാനം മെസ്സി ഒരുക്കിയ അവസരം ലൗട്ടാരോക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. രണ്ട് വലിയ ബ്ലോക്കുകൾ ഉപമെകാനോ നടത്തിയപ്പോൾ കളി 2-2 എന്ന് തുടർന്നു.
എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും മുന്നിൽ. ഒരു മനോഹര നീക്കത്തിലൂടെ ആയിരുന്നു ഗോൾ വന്നത്. ലൗട്ടാരോയുടെ ഷോട്ട് ലോരിസ് തടഞ്ഞു എങ്കിലും മെസ്സി രക്ഷയ്ക്ക് എത്തി. റീബൗണ്ടിൽ പന്ത് വലയിൽ. അർജന്റീന 3-2 ഫ്രാൻസ്.
നാടകീയതകൾ അവസാനിക്കുന്നില്ല. 117ആം മിനുട്ടിൽ വീണ്ടും ഫ്രാൻസിന് പെനാൾട്ടി. ഇത്തവണ ഒരു ഹാൻഡ് ബോളിന്. എംബപ്പെ വീണ്ടും പെനാൾട്ടി സ്പോട്ടിൽ. എമി മാർട്ടിനസിനെ കീഴടക്കി എംബപ്പെയുടെ ഹാട്രിക്ക്. സ്കോർ 3-3. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി എംബപ്പെ അന്ന് മാറി.
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം എമി മാർട്ടിനസ് നടത്തിയ സേവ് അർജന്റീനയെ രക്ഷിച്ചു. ആ സേവ് ഇന്ന് ലോകകപ്പിലെ ഒരു ഐക്കോണിക് നിമിഷമായി മാറി. പിന്നീട് കളി പെനാൾട്ടിയിലേക്ക് നീങ്ങി.
ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുത്ത എംബപ്പെ വല കണ്ടു. അർജന്റീനക്കായി കിക്ക് എടുത്ത മെസ്സിക്കും പിഴച്ചില്ല. സ്കോർ 1-1. ഫ്രാൻസിനായി രണ്ടാം കിക്ക് എടുത്ത കോമാൻ. എമി രക്ഷകനായി. അർജന്റീനക്ക് മുൻതൂക്കം. അർജന്റീനയുടെ രണ്ടാം കിക്ക് എടുത്ത ഡിബാലയും ലക്ഷ്യത്തിൽ എത്തിച്ചു. അർജന്റീന 2-1ന് മുന്നിൽ.
ചൗമനിയുടെ കിക്ക് പുറത്ത്. കിരീടം ഫ്രാൻസിൽ നിന്ന് അകന്ന നിമിഷം.അവസാനം അഞ്ചാം കിക്ക് മോണ്ടിയൽ ലക്ഷ്യത്തിൽ എത്തിച്ചതോടെ അർജന്റീന ചാമ്പ്യനായി. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന്റെ വിജയം.
അർജന്റീന അതിനു ശേഷം ലോക റാങ്കിംഗിൽ ഒന്നാമത് എത്തി. മെസ്സി ആ ലോകകപ്പ് പ്രകടനത്തിന്റെ ബലത്തിൽ ഒരു ബാലൻ ഡി ഓർ കൂടെ സ്വന്തമാക്കി. അങ്ങനെ അർജന്റീന ആരാധകർക്ക് സന്തോഷത്തിന്റെ മാത്രം ഒരു വർഷം ആണ് കഴിഞ്ഞു പോയത്.