ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ ആഘോഷങ്ങളെ വിമർശിച്ച സ്ലാട്ടാൻ ഇബ്രഹിമോവിചിന് മറുപടിയുമായി മുൻ അർജന്റീന സ്ട്രൈക്കർ കുൻ അഗ്വേറോ. ഇനി അർജന്റീന ലോകകപ്പ് എന്നല്ല ഒരു കിരീടവും നേടില്ല എന്നും ലോകകപ്പ് നേടിയ ആരും ഇതുപോലെ മോശമായി വിജയം ആഹ്ലാദിക്കില്ല എന്നും ഇബ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അർജന്റീന കിരീടം നേടില്ല എന്ന് പറയാൻ സ്ലാട്ടാൻ ആരാണെന്ന് അഗ്വേറോ ചോദിക്കുന്നു.
ലോകകപ്പ് കിരീടം നേടിയ അർജന്റീനയെ കുറിച്ച് ആലോചിച്ച് വിഷമിക്കാതെ ഇബ്രഹിമോവിച് സ്വന്തം രാജ്യത്തെ കുറിച്ച് ആശങ്കപ്പെടണം എന്ന് അഗ്വേറോ പറഞ്ഞു. ഇബ്രഹിമോവിചിന്റെ ടീം ലോകകപ്പിന് യോഗ്യത പോലും നേടിയില്ല എന്നും അതോർത്ത് ആണ് അദ്ദേഹം വിഷമിക്കേണ്ടത് എന്നും അഗ്വേറോ പറയുന്നു. ഫ്രാൻസ് വിജയിക്കണം എന്നായിരുന്നു ഇബ്രഹിമോവിചിന്റെ ആഗ്രഹം. അർജന്റീന ജയിച്ചത് അദ്ദേഹത്തിന് സഹിക്കാൻ ആകുന്നില്ല. മെസ്സി ലോകകപ്പ് നേടി ഈ ലോകത്തെ ഏറ്റവും മികച്ച താരമായി അറിയപ്പെടുന്നതും അദ്ദേഹത്തിന് അംഗീകരിക്കാൻ ആവുന്നില്ല. അഗ്വേറോ പറഞ്ഞു.
സ്ലാട്ടാൻ എല്ലാവരെയും മര്യാദ പഠിപ്പിക്കുന്നുണ്ട് എങ്കിലും അദ്ദേഹം ഗ്രൗണ്ടിൽ മാന്യമായി പെരുമാറിയ ആളാണോ എന്ന് അഗ്വേറോ ചോദിക്കുന്നു. മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കളിച്ചപ്പോൾ ഒറ്റമെൻഡിയുമായി നിങ്ങൾ ഇടി ഉണ്ടാക്കിയത് ഞാൻ ഓർക്കുന്നു. പെപ് ഗ്വാർഡിയോളയെ നിങ്ങൾ ബഹുമാനിക്കാത്തത് കൊണ്ടല്ലേ നിങ്ങളെ ബാഴ്സലോണ വിറ്റത്. അഗ്വേറോ ചോദിക്കുന്നു. അർജന്റീന ലോകചാമ്പ്യന്മാർ ആണെന്ന് അറിഞ്ഞ് സ്വയം കൊല്ലാനുള്ള വേദനയിലാണ് ഇബ്ര ഉള്ളത് എന്നും അഗ്വേറോ കൂട്ടിച്ചേർത്തു.