ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ രണ്ടാം പാദ മത്സരം അനിശ്ചിതത്തിൽ ആയി. ഇന്നലെ റിവർ പ്ലേറ്റിന്റെ തട്ടകത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന് മുന്നേ ഉണ്ടായ ആക്രമണമാണ് രണ്ടാം പാദ മത്സരം നടക്കാതിരിക്കാൻ കാരണം. ൽ ബോകാ ജൂനിയേഴ്സിന്റെ ടീം ബസ്സിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. ടീം ബസ്സിന്റെ ചില്ല് തകർത്ത് റിവർപ്ലേറ്റ് ആരാധകർ ബസ്സിനുള്ളിലേക്ക് വാതകങ്ങൾ കടത്തി വിട്ടതായും പറയുന്നു.
ബോക ജൂനിയേഴ്സിന്റെ താരങ്ങൾ പരിക്കേറ്റിരുന്നു. കളി നടത്താം എന്നാണ് അക്രമണത്തിനു ശേഷവും തീരുമാനിച്ചിരുന്നത്. എന്നാൽ കളിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായെന്ന് ബോക ജൂനിയേഴ്സ് താരങ്ങളും ടീമും പറഞ്ഞതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഫൈനൽ ഇന്നേക്ക് മാറ്റിവെച്ചിട്ടുണ്ട് എങ്കിലും നടക്കുമോ എന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. റിവർ പ്ലേറ്റിനെതിരെ കടുത്ത അച്ചടക്ക നടപടി തന്നെ ഉണ്ടാകാനാണ് സാധ്യത.
ആദ്യ പാദ ഫൈനൽ 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ടു തവണ അന്ന് എവേ ടീമായ റിവർ പ്ലേറ്റ് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. എവെ ഗോൾ നിയമം ഇല്ലായെങ്കിലും ഈ സ്കോർ റിവർ പ്ലേറ്റിന് മുൻ കൈ നൽകിയിരുന്നു. ഈ ആക്രമണം കാരണം റിവർ പ്ലേറ്റിന്റെ ആദ്യ പാദത്തിലെ പോരാട്ടം പാഴാകാൻ വരെ സാധ്യതയുണ്ട്.