ഇന്നലെ അറബ് ദേശങ്ങളിൽ വസന്തത്തിന്റെ നിറമായിരുന്നു, ഊദിന്റെ സുഗന്ധമായിരിന്നു, സുറുമയെഴുതിയ കണ്ണുകൾക്ക് ചന്ദ്രികയുടെ തിളക്കമായിരുന്നു. ലോക ഫുട്ബോളിൽ ആരും കാര്യമായിട്ടെടുക്കാത്ത, ഒരു അട്ടിമറി പോലും പ്രതീക്ഷിക്കാത്ത, ഒരു സമനിലക്ക് പോലും കരുത്തുണ്ടെന്നു കരുതാത്ത സൗദി അറേബ്യ, ഇന്നലെ ലോക ഫുട്ബോൾ ശക്തിയായ അർജന്റീനയെയാണ് 2-1 എന്ന സ്കോറിന് തോൽപ്പിച്ചത്. മെസ്സിയുടെ കളി കാണാനും, ആ മെസ്സിഹ ഗോൾ നേടുന്നതിന് സാക്ഷ്യം വഹിക്കാനും ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർ ഈ കളി ഒരിക്കലും മറക്കില്ല.
ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും വലിയ ഈ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ അറബി ആരാധകർ പോലും മെസ്സിയുടെ കളി കാണാനാണ് എത്തിയത്. നീലയും വെള്ളയും ജേഴ്സികളും, തൊപ്പികളും കൊണ്ട് ആ ഗാലറികൾ ആവേശക്കടലായി മാറി. വാമോസ് വിളികൾ കൊണ്ട് അന്തരീക്ഷം മുഖരിതമായി. വാമപ്പിനായി ഇറങ്ങിയ മെസ്സിയെ കണ്ടതോടെ അണികളുടെ സന്തോഷം അണപൊട്ടി. അപ്പോഴും സ്റ്റേഡിയത്തിൽ അങ്ങിങ്ങായി പച്ചയണിഞ്ഞ സൗദി ആരാധകർ തങ്ങളുടെ കൊടി വീശി കളിക്കാൻ ഒരു ടീം കൂടിയുണ്ട് എന്നു അറിയിച്ചു കൊണ്ടിരുന്നു.
കളി തുടങ്ങി 10 മിനിറ്റായപ്പോൾ കിട്ടിയ പെനാൽറ്റിയിലൂടെ അർജന്റീനയെ മെസ്സി മുന്നിലെത്തിച്ചപ്പോൾ, ആ സ്റ്റേഡിയം ഉറപ്പിച്ച്, ഈ വേൾഡ് കപ്പ് തങ്ങളുടെ ആട് മേഞ്ഞു മദിക്കും.
പക്ഷെ സൗദി ടീമിന്റെ ഓഫ് സൈഡ് ട്രാപ്പുകളിൽ കുരുങ്ങി അർജന്റീനയുടെ ഗോളുകൾ ഒന്നിന് പുറകെ ഒന്നായി നിരാകരിക്കപ്പെട്ടപ്പോൾ, മെസ്സിയും കൂട്ടരും മാത്രമല്ല, ലോകം ഒന്നാകെ അമ്പരന്നു. തന്ത്രങ്ങളുടെ ആശാനായ ഹാവേ എന്ന സൗദി കോച്ചിനെ നോക്കി അവർ പറഞ്ഞു, ഹമ്പട കേമാ!
സൗദിയുടെ ചെറുത്തു നിൽപ്പ് അത്ഭുതകരമായിരുന്നു. അർജന്റീന എന്ന ടീമിനെതിരെ ആരും ഇത്തരമൊരു കളി സൗദിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചിരുന്നില്ല. 48ആം മിനിറ്റിൽ അൽ ഷെഹ്‌റി സൗദിക്ക് വേണ്ടി വല കുലുക്കിയപ്പോൾ, ലോകം അതിനൊപ്പം കുലുങ്ങി. 5 മിനിറ്റിനു ശേഷം അൽ ഡാവ്സരി ഒരെണ്ണം കൂടി സൗദിക്ക് വേണ്ടി നേടിയപ്പോൾ, സ്റ്റേഡിയം മെല്ലെ സൗദിക്ക് വേണ്ടി ചെരിഞ്ഞു. കാണികൾ ബഹുമാനപൂർവ്വം അവർക്കൊപ്പമായി.
രണ്ട് ഗോളുകൾ നേടിയത് കൊണ്ട് മാത്രമല്ല, ആ ഗോളുകളുടെ സൗന്ദര്യം കൂടി കണ്ടാണ് കാണികൾ കൈയ്യടിച്ചത്. ഈ ലോകകപ്പിൽ ഇതു വരെ പിറന്ന ഗോളുകളിൽ ഏറ്റവും മനോഹരമായതായിരുന്നു അവ രണ്ടും. അറബി കമന്ററികൾ കരച്ചിലിന്റെ വക്കിലെത്തിയിരിന്നു. കളി കാണാൻ സൗദി പതാക ചുമലിൽ അണിഞ്ഞു വന്ന ഖത്തർ അമീർ ചാടിയെഴുന്നേറ്റു ആഹ്ലാദത്തിൽ പങ്ക് കൊണ്ടു. അധിനിവേശ പലസ്തീൻ തെരുവുകൾ മുതൽ മക്കയിലെ ഹറമിൽ വരെ ആ ഗോളുകളുടെ സന്തോഷം നിമിഷങ്ങൾക്കകം പടർന്നു. അറബ് ദേശങ്ങൾ ആഘോഷത്തിമർപ്പിലായി.
കളി കഴിയുന്നത് വരെ അർജന്റീന ശ്രമിച്ചു കൊണ്ടിരുന്നു, പക്ഷേ ഇന്നലത്തെ ദിവസം ഫുട്ബോൾ സൗദിക്ക് ഒപ്പമായിരുന്നു, ഫുട്ബാളിനെ സ്നേഹിക്കുന്നവരും അവരിൽ ഒരാളായി. മെസ്സിയുടെ ഗോളുകൾ കണ്ട കഥ തങ്ങളുടെ തലമുറകൾക്ക് പറഞ്ഞു കൊടുക്കാൻ ആകുമെന്ന് കരുതി സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികൾക്ക് ഇനി പറയാൻ ഉണ്ടാവുക, അതിലും മനോഹരമായ കഥയാകും.
ഇതിന് ശേഷം നടന്ന ഡെൻമാർക്ക് ടുണീഷ്യ മത്സരം കാണാൻ എത്തിയവരിലേക്കും സൗദിയുടെ ഈ വിജയാവേശം പടർന്നിരുന്നു. അതു കൊണ്ടു തന്നെ ടുണീഷ്യൻ ആരാധകരെ കൊണ്ടു ചെങ്കടലായി മാറിയ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം പ്രതീക്ഷയിലായിരുന്നു. ഈ കളിയും ആവേശം നിറഞ്ഞ ഒന്നായി മാറി. വിജയ സാധ്യത കൂടുതൽ ഉണ്ടായിരുന്ന ഡെന്മാർക്കിനെ ടുണീഷ്യ സമനിലയിൽ പിടിച്ചു കെട്ടി. വെറും സമനിലയല്ല, തികഞ്ഞ ഫുട്‌ബോൾ പുറത്തെടുത്തു തന്നെയാണ് അവർ ഡെന്മാർക്കിനെ തളച്ചത്. ടുണീഷ്യൻ ആരാധകർക്ക് ഇത് വിജയത്തിൽ കുറഞ്ഞ ഒന്നായിരുന്നില്ല.
ഈ അറബ് രാജ്യങ്ങളുടെ പ്രകടനങ്ങൾ, ഖത്തർ വേൾഡ് കപ്പിനെതിരെ ഫുട്ബാൾ പാരമ്പര്യം ചോദ്യം ചെയ്ത് വന്നവരുടെ വായടപ്പിക്കും എന്നു കരുതാം. ലോക ഫുട്ബോളിൽ പുതിയ നാമ്പുകൾക്ക് സാക്ഷ്യം വഹിക്കും എന്നു വിശ്വസിക്കാം. മരുഭൂമി പഴയ മരുഭൂമി തന്നെ, പക്ഷെ അറബി പഴയ അറബിയല്ല എന്ന് ലോകം മനസ്സിലാക്കട്ടെ.