മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ മാനേജർ എറിക് ടെൻ ഹാഗ്, ബ്രസീലിയൻ വിംഗർ ആന്റണിയെ കുറിച്ച് മനസ്സുതുറന്നു. ഓൾഡ് ട്രാഫോർഡിൽ നിന്ന് ആന്റണി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ടെൻ ഹാഗിന്റെ പ്രതികരണം. ജർമ്മൻ ഔട്ട്‌ലെറ്റായ ബിൾഡിനോട് സംസാരിക്കവെ ലെവർകൂസൻ മാനേജർ ആയ ടെൻ ഹാഗ് ആന്റണിയെ സ്വന്തമാക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു.

“അവന് മികച്ച കഴിവുകളുണ്ട്. ഞാൻ അവനെ രണ്ടുതവണ സൈൻ ചെയ്തിട്ടുണ്ട്. അവൻ എനിക്കൊരു മകനെപ്പോലെയായിരുന്നു, ഇപ്പോഴും ഒരു മകനാണ്.”
“ഇപ്പോൾ ഞങ്ങൾക്ക് അവനെ സ്വന്തമാക്കാൻ താൽപ്പര്യമില്ല, ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.” ടെൻ ഹാഗ് പറഞ്ഞു.
അയാക്സിൽ നിന്ന് വലിയ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതുമുതൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ആന്റണി ക്ലബ്ബ് വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസിൽ ലോൺ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആന്റണിക്ക് വേണ്ടി ബെറ്റിസ് ആണ് ഇപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ മുന്നിട്ട് നിൽക്കുകയാണ്.