പ്രശസ്ത ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായി. റയൽ മാഡ്രിഡിന്റെ ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 മുതൽ അദ്ദേഹം ചുമതലയേൽക്കും. റയൽ സോസിഡാഡിനെതിരായ അവസാന ലീഗ് മത്സരത്തിന് ശേഷം 65 കാരനായ ആഞ്ചലോട്ടി റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയും.

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വിദേശിയാണ് ആഞ്ചലോട്ടി. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന് (CBF) വേണ്ടി ഡീഗോ ഫെർണാണ്ടസ് നടത്തിയ ചർച്ചകളെ തുടർന്ന്, റയൽ മാഡ്രിഡുമായി സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് കരാറിന് ഒരു വർഷം ബാക്കിയുണ്ടായിരുന്നു. 2026 ലെ ഫിഫ ലോകകപ്പിനായുള്ള ബ്രസീലിന്റെ യോഗ്യതാ മത്സരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ റെക്കോർഡ് ആറാം കിരീടം നേടുകയാണ് അവരുടെ ലക്ഷ്യം.
ഡോറിവൽ ജൂനിയറിനെ മാർച്ച് മാസത്തിൽ പിരിച്ചുവിട്ടതിനെ തുടർന്നാണ് ആഞ്ചലോട്ടിയുടെ വരവ്. ജൂൺ 6 ന് ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമായിരിക്കും ബ്രസീലിൻ്റെ പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ആദ്യ മത്സരം.
2021 മുതൽ റയൽ മാഡ്രിഡിൽ തിരിച്ചെത്തിയ ശേഷം, ആഞ്ചലോട്ടി രണ്ട് ലാ ലിഗ കിരീടങ്ങളും ക്ലബ്ബിനൊപ്പമുള്ള രണ്ട് ഘട്ടങ്ങളിലായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. എന്നിരുന്നാലും, റയൽ മാഡ്രിഡിൻ്റെ ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ ആഴ്സണലിനോട് തോറ്റ അവർ കോപ്പ ഡെൽ റേയുടെ ഫൈനലിൽ ബാഴ്സലോണയോട് അധിക സമയത്ത് പരാജയപ്പെട്ടു. ലാ ലിഗയിലും അവർ കിരീടം കൈവിട്ട നിലയിലാണ്..